

ഏത് കാലഘട്ടത്തിലെ കഥാപാത്രത്തെയും വളരെ മനോഹരമായി അവതരിപ്പിക്കാന്‍ കഴിവുള്ള നടനായി മാറിയിരിക്കുകാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ നിന്ന് തുടങ്ങിയ ദുല്‍ഖര്‍ ഇപ്പോള്‍ തെലുങ്കിലും തമിഴിലും റെട്രോ നായകനായി മാറി. ഇന്ത്യൻ സിനിമയിൽ വേറൊരു നടനും ഇത്രയും സിനിമകളിൽ വിന്റേജ് നായകനായി അഭിനയിച്ചിട്ടുണ്ടാകില്ല എന്ന് തന്നെ പറയാം. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ദുല്‍ഖറിനുള്ള കഴിവ് നേരത്തെ തന്നെ പ്രശംസകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ ഓരോ ഭാഷയെയും സിനിമയിലെ കാലഘട്ടത്തിന് ചേരുന്ന ഡയലക്ടും മോഡുലേഷനും നല്‍കി വളരെ മികച്ചതാക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്.
2014 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ പിരീയഡ് നായകന്മാരെ അവതരിപ്പിച്ച് തുടങ്ങിയത്. കെ ടി എന്‍ കോട്ടൂര്‍ എന്ന കഥാപാത്രമായിട്ടുള്ള ദുല്‍ഖറിന്റെ പ്രകടനത്തിന് അന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും പഴയ കാലഘട്ടത്തെ തനിമയോടെ അവതരിപ്പിക്കാന്‍ ഈ നടനാകുമെന്ന് സംവിധായകര്‍ക്ക് തോന്നിയിരിക്കണം. പിന്നീട് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തില്‍ കൃഷ്ണനായി ദുല്‍ഖര്‍ എത്തി. 1980 മുതലുള്ള ഒരു യുവാവിന്റെ ജീവിതവും അയാള്‍ കടന്നുപോകുന്ന മാറ്റങ്ങളും വളരെ മികച്ച രീതിയില്‍ കാഴ്ചവെക്കാന്‍ ദുല്‍ഖറിന് സാധിച്ചു. പീരിയഡ് ചിത്രം എന്നതിനൊപ്പം കഥാപാത്രങ്ങളുടെ വിവിധ പ്രായങ്ങള്‍ അവതരിപ്പിക്കാനുള്ള ദുല്‍ഖറിന്റെ കഴിവ് കൂടിയായിരുന്നു കമ്മട്ടിപാടം കാണിച്ചുതന്നത്.

പിന്നീട് 2018ല്‍ ദുല്‍ഖര്‍ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ തീരുമാനിച്ചു. അതും ഒരു വിന്റേജ് കഥാപാത്രമായി തന്നെ. മഹാനടി എന്ന ചിത്രത്തില്‍ ലെജന്‍ഡറി നടന്‍ ജെമിനി ഗണേശനെ അതിമനോഹരമായി അവതരിപ്പിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. തെലുങ്കിലും തമിഴിലും പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും ദുല്‍ഖറിനെ തേടി പ്രശംസകളെത്തി.

ഇതിനിടയില്‍ തമിഴിലും ഹിന്ദിയിലുമെല്ലാം മികച്ച ചിത്രങ്ങളുമായെത്തി പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും വിജയങ്ങളുമെല്ലാം ദുല്‍ഖര്‍ നേടുന്നുണ്ടായിരുന്നു. അപ്പോഴാണ് തന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോയുടെ സംവിധായകനുമായി ചേര്‍ന്ന് കുറുപ്പ് എന്ന ചിത്രം ഒരുക്കാന്‍ ദുല്‍ഖര്‍ തീരുമാനിച്ചത്. സുകുമാര കുറുപ്പിന്റെ കഥ സിനിമയാകുന്നു എന്ന് കേട്ടപ്പോള്‍ തന്നെ അതില്‍ പല കാലഘട്ടങ്ങള്‍ അവതരിപ്പിക്കാന്‍ ദുല്‍ഖര്‍ അല്ലാതെ മറ്റാരും സംവിധായകന്റെ മനസ്സില്‍ ഇല്ലായിരുന്നു. അങ്ങനെ കുറുപ്പ് എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമ ഉണ്ടായി. നാല് ഭാഷകളില്‍ പുറത്തറിയങ്ങിയ ചിത്രത്തിന് ആഗോളതലത്തില്‍ 80 കോടിയിലധികം രൂപ നേടാന്‍ കഴിഞ്ഞു.

2022ല്‍ സീതാ രാമം എന്ന തെലുങ്ക് ചിത്രത്തിലൂടെ ദുല്‍ഖര്‍ വീണ്ടും പഴയ കാലത്തിലേക്ക് തിരിച്ചുപോയി. 1960 -70 കാലഘട്ടമായിരുന്നു ഈ ഫിക്ഷണല്‍ ലവ് സ്റ്റോറിയില്‍ പറഞ്ഞത്. റാം എന്ന ആര്‍മി ഓഫീസറുടെ വേഷത്തില്‍ നായകനായി എത്തിയ ദുല്‍ഖറിന് വീണ്ടും തെലുങ്കില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ചുവെന്ന് പറയാം. മൃണാള്‍ താക്കൂര്‍ നായികയായി എത്തിയ ചിത്രത്തിന് ഇന്ത്യ ഒട്ടാകെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് വന്ന ലക്കി ഭാസ്‌കറും തെലുങ്കില്‍ ദുല്‍ഖറിന്റെ സ്റ്റാര്‍ഡം വര്‍ധിപ്പിച്ചു. 1980 -90 കാലഘട്ടം വളരെ രസകരമായി അവതരിപ്പിക്കാന്‍ ദുല്‍ഖറിന് ലക്കി ഭാസ്‌കറിലൂടെ സാധിച്ചു. ആഗോളതലത്തില്‍ 111 കോടി രൂപയാണ് ലക്കി നേടിയത്. മലയാളത്തിലും മികച്ച കളക്ഷന്‍ സിനിമയ്ക്ക് ലഭിച്ചിരുന്നു. ഇതിനിടയില്‍ കല്‍ക്കിയിലെ കാമിയോ വേഷത്തിലും പ്രസന്റില്‍ നിന്നും മാറി പാസ്റ്റും ഫ്യൂച്ചറുമായിരുന്നു ദുല്‍ഖറിന്റെ തട്ടകം.

ഇപ്പോഴിതാ വീണ്ടും ഒരു റെട്രോ സംഭവവുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍, 'കാന്ത'. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ നടക്കുന്നത്. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാറായ എം കെ ത്യാഗരാജ ഭാഗവതറിന്റെ കഥയാണ് ഇതെന്ന് ഒരു സംസാരം സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ റാണ ദഗ്ഗുബാട്ടി ആ വാര്‍ത്തകള്‍ തള്ളിക്കളഞ്ഞിരുന്നു. സിനിമയ്ക്ക് ഉള്ളിലെ സിനിമയുടെ കഥ പറയുന്ന കാന്തയില്‍ ഒരു നടനായി തന്നെയാണ് ദുല്‍ഖര്‍ എത്തുന്നത്.

കാന്ത റിലീസ് ആയ ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നടിപ്പ് ചക്രവര്‍ത്തി ആയി അറിയപ്പെടുമെന്നാണ് റാണ പറഞ്ഞത്. ആ പറഞ്ഞത് യാഥാര്‍ഥ്യമായി…അസാമാന്യ പ്രകടനമാണ് ദുല്‍ഖര്‍ ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സിനിമയ്ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പഴയ സിനിമകളിലെ നായക കഥാപാത്രം, റെട്രോ വിന്റേജ് കഥാപാത്രങ്ങള്‍ ഇതെല്ലാം ദുല്‍ഖര്‍ സല്‍മാന്റെ കൈകളില്‍ ഭദ്രം എന്ന് ഉറപ്പിക്കാം.
സാധാരണ പല അഭിനേതാക്കളും പീരിയഡ് സിനിമകളില്‍ തുടര്‍ച്ചയായി വരുമ്പോള്‍ ആവര്‍ത്തനവിരസത തോന്നുന്നാറുണ്ട്. അത് സ്വാഭാവികവുമാണ്. പക്ഷേ ദുല്‍ഖറിന്റെ കാര്യം അങ്ങനെയല്ല. വ്യത്യസ്തമായ ഴോണറുകളിലുള്ള സിനിമയും കഥാപാത്രങ്ങളുമാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്. ഓരോ സിനിമയിലും തന്റേതായ രീതിയില്‍ കഥാപാത്രത്തിന് വേണ്ടി മാറ്റങ്ങള്‍ വരുത്തിയാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്കും ദുല്‍ഖറിനെ ഈ റോളുകളില്‍ കണ്ടു മടുക്കുന്നുമില്ല. റെട്രോ സ്റ്റാര്‍ എന്ന പേര് മാറ്റണമെന്ന് ആഗ്രഹമുണ്ടെന്ന് ദുല്‍ഖര്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ കാന്ത കൂടി വന്നതോടെ, റെട്രോ വേഷങ്ങളെ പൂര്‍ണമായി ഒഴിവാക്കരുതേ എന്നാണ് പ്രേക്ഷകര്‍ ദുല്‍ഖറിനോട് പറയുന്നത്.
Content Highlights: Dulquer Salmaan in Retro Movies as Vintage Hero