

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക വീഴ്ത്തിയത്. 124 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ 93 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടാക്കുകയായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സൈമണ്‍ ഹാര്‍മറാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 14 ഓവര്‍ പന്തെറിഞ്ഞ ഹാര്‍മര്‍ 21 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഒന്നാം ഇന്നിങ്‌സിലും ഹാര്‍മര്‍ നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. മാര്‍കോ യാന്‍സണും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഐഡന്‍ മാര്‍ക്രം ഒരു വിക്കറ്റും സ്വന്തമാക്കി.
Spinners script South Africa's first Test win in India since 2010 ⚡#INDvSA 📝: https://t.co/fexthP5RGW pic.twitter.com/Ts9TESNmyE
— ICC (@ICC) November 16, 2025
15 വർഷത്തെ കാത്തിരിപ്പിനാണ് ഈഡന്‍ ഗാർഡന്‍സില്‍ വിരാമമായത്. 15 വർഷത്തിന് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്ക ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
രണ്ടാം ഇന്നിങ്സിൽ 31 റൺസെടുത്ത വാഷിംഗ്ടണ്‍ സുന്ദര്‍, 26 റണ്‍സുമായി അക്സര്‍ പട്ടേല്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. നേരത്തെ ആദ്യ ഇന്നിങ്ങ്‌സില്‍ 159 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 153 റണ്‍സുമാണ് ദക്ഷിണാഫ്രിക്ക നേടിയിരുന്നത്.
നേരത്തെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് 153 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയെ 150 കടത്തിയത്. 136 പന്തുകളില്‍ നാല് ബൗണ്ടറിയടക്കം 55 റണ്‍സെടുത്ത് ബാവുമ പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിങ്ങ്‌സില്‍ 124 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. വെറും ഒരു റണ്‍സില്‍ തന്നെ ഇന്ത്യയുടെ 2 വിക്കറ്റുകള്‍ വീണു. 31 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദര്‍ പിടിച്ചുനിന്നെങ്കിലും പിന്തുണ നല്‍കാന്‍ ആർക്കും സാധിച്ചില്ല. അവസാന വിക്കറ്റുകളില്‍ അക്സര്‍ പട്ടേല്‍ ടീമിനെ വിജയതീരത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും 93 റണ്‍സില്‍ ഒൻപത് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഇന്ത്യയുടെ പരാജയം പൂര്‍ത്തിയായി. ആദ്യ ഇന്നിങ്ങ്‌സില്‍ പരിക്കേറ്റ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. ഈഡനിലെ വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ്22ന് ഗുവാഹത്തിയില്‍ ആരംഭിക്കും.
Content Highlights: IND vs SA: Simon Harmer dismantles India with four-fer as South Africa win by 30 runs