ഇന്ത്യൻ സിനിമയിലെ നാഴികക്കല്ല്, വീണ്ടും തിയേറ്ററിൽ ആളെക്കൂട്ടുമോ?; 50-ാം വർഷത്തിൽ റീ റിലീസിനൊരുങ്ങി ഷോലെ

ഷോലെയുടെ 'ഫൈനൽ കട്ട്' ആണ് ഇപ്പോൾ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്

ഇന്ത്യൻ സിനിമയിലെ നാഴികക്കല്ല്, വീണ്ടും തിയേറ്ററിൽ ആളെക്കൂട്ടുമോ?; 50-ാം വർഷത്തിൽ റീ റിലീസിനൊരുങ്ങി ഷോലെ
dot image

അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, അംജദ് ഖാന്‍, ഹേമ മാലിനി, ജയ ബച്ചന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് സിപ്പി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ഷോലെ. 1975 ആഗസ്റ്റ് അഞ്ചിനാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ പുറത്തിറങ്ങി 50 വർഷത്തിനിപ്പുറം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ് ഷോലെ.

ഷോലെയുടെ ഫൈനൽ കട്ട് ആണ് ഇപ്പോൾ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ആണ് സിനിമ റീമാസ്റ്റർ ചെയ്ത് പുറത്തിറക്കുന്നത്. ഡിസംബർ 12 ന് ഇന്ത്യയിലെ 1500 ഓളം സ്‌ക്രീനുകളിൽ സിനിമ പുറത്തിറങ്ങും. പുറത്തിറങ്ങി വർഷം അമ്പത് കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാണ് ഷോലെ. രണ്ടാം വരവിലും സിനിമയ്ക്ക് ആളെക്കൂട്ടാൻ കഴിയുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന ജോഡിയായ സലിം ജാവേദ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയാണിത്. റിലീസ് ചെയ്തപ്പോള്‍ തന്നെ ചിത്രം നിരവധി ബോക്‌സ് ഓഫിസ് റെക്കോഡുകള്‍ തകര്‍ത്തിരുന്നു.

ബോക്‌സ് ഓഫിസില്‍ നിന്ന് 15 കോടിയിലധികം അന്ന് ഷോലെ നേടിയിരുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി ഷോലെ ഒരു കോടിയിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ മോശം അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ബോക്സ് ഓഫീസിൽ ബമ്പർ ഹിറ്റായി മാറുകയും ചെയ്‌തു.

Content Highlights: Sholay to re release on big screens

dot image
To advertise here,contact us
dot image