'ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ തോൽപ്പിക്കണമെന്ന അടങ്ങാത്ത ദാഹമുണ്ട്'; പരമ്പരയ്ക്ക് മുൻപ് ദക്ഷിണാഫ്രിക്കൻ താരം

കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം പോലും ദക്ഷിണാഫ്രിക്ക ജയിച്ചിട്ടില്ല

'ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ തോൽപ്പിക്കണമെന്ന അടങ്ങാത്ത ദാഹമുണ്ട്'; പരമ്പരയ്ക്ക് മുൻപ് ദക്ഷിണാഫ്രിക്കൻ താരം
dot image

ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ തോൽപ്പിക്കുകയാണ് തന്റെ ആ​ഗ്രഹമെന്ന് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. ഇന്ത്യ -ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം പോലും ദക്ഷിണാഫ്രിക്ക ജയിച്ചിട്ടില്ല. എന്നാല്‍ ഈ ചരിത്രം തിരുത്തണമെന്ന അതിയായ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു.

'ഇത് ഒരുപക്ഷേ ഏറ്റവും ബുദ്ധിമുട്ടുള്ള പര്യടനങ്ങളിൽ ഒന്നായിരിക്കാം. ഇന്ത്യയിൽ ഇന്ത്യയെ തോൽപ്പിക്കാനുള്ള അതിയായ ദാഹവും ആഗ്രഹവുമുണ്ട്. ഇന്ത്യൻ പര്യടനത്തിൽ ഞങ്ങൾക്ക് ജയം ഏറെ പ്രയാസകരമാണ്. എന്നിരുന്നാലും ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ തോൽപ്പിക്കുകയെന്നത് വലിയ ആഗ്രഹമാണ്. ടീം ക്യാമ്പ് ഒന്നാകെ അത് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്', മഹാരാജ് ഐസിസിയോട് പറഞ്ഞു.

'ഒരു ടീമെന്ന നിലയിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ടെസ്റ്റുകളിൽ ഒന്നായിരിക്കാമിതെന്ന് തോന്നുന്നു. ഞങ്ങള്‍ക്ക് സ്വയം വിലയിരുത്താനുള്ള ഒരു അവസരമായിരിക്കും ഇത്. ഉപഭൂഖണ്ഡത്തിന്റെ മറ്റുഭാഗങ്ങള്‍ കീഴടക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഞങ്ങള്‍. ഞങ്ങള്‍ ശരിക്കും ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദൗത്യമാണിതെന്ന് എനിക്ക് തോന്നുന്നു', മഹാരാജ് കൂട്ടിച്ചേർത്തു.

നവംബര്‍ 14 ന് കൊല്‍ക്കത്തയിലെ ഈഡൻ ​ഗാർഡൻ‌സിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ അവസാന മത്സരം ഗുവാഹത്തിയിലാണ്.

Content Highlights: IND vs SA 2025: ‘There’s a real hunger to beat India’, says Keshav Maharaj

dot image
To advertise here,contact us
dot image