'ആ പേസറെ മാത്രം മുംബൈയ്ക്ക് മാറ്റാം, മറ്റൊരു മാറ്റവും അവർക്ക് ആവശ്യമില്ല'; പ്രതികരിച്ച് CSK മുന്‍ താരം

മുംബൈയ്ക്ക് ഏത് അന്താരാഷ്ട്ര ടി20 ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രശംസിച്ചു

'ആ പേസറെ മാത്രം മുംബൈയ്ക്ക് മാറ്റാം, മറ്റൊരു മാറ്റവും അവർക്ക് ആവശ്യമില്ല'; പ്രതികരിച്ച് CSK മുന്‍ താരം
dot image

2026ലെ ഐപിഎൽ മെഗാ ലേലത്തിന് മുൻപ് മുംബൈ ഇന്ത്യൻസിന് കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന് ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ മുൻ താരം എസ് ബദരീനാഥ്. മുംബൈയുടെ കോർ‌ ടീമിനെ നിലനിർത്തണമെന്ന് പറഞ്ഞ ബദരീനാഥ് പേസർ ദീപക് ചഹറിനെ ഒഴിവാക്കാമെന്നും നിർദേശിച്ചു. 2025 സീസണിൽ പ്ലേ ഓഫിലേക്ക് യോ​ഗ്യത നേടിയ മുംബൈ ഇന്ത്യൻസിനെ പ്രശംസിച്ച് സംസാരിച്ച ബദരീനാഥ് ലോകമെമ്പാടുമുള്ള ഏത് അന്താരാഷ്ട്ര ടി20 ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്നും പറഞ്ഞു.‌

"അതിശയിപ്പിക്കുന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. അവരെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല. ദീപക് ചഹറിനെപ്പോലുള്ള ഒരാളെ മാറ്റുന്നതിനെക്കുറിച്ച് മുംബൈയ്ക്ക് ചിന്തിക്കാൻ കഴിയും. അതല്ലാതെ, മറ്റൊരു മാറ്റവും അവർക്ക് ആവശ്യമില്ല. രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ട്രെന്റ് ബോൾട്ട് എന്നിവരെല്ലാം മുംബൈയിലുണ്ട്. ഒരുടീമിന് മറ്റെന്താണ് ആവശ്യമുള്ളത്. മിച്ചൽ സാന്റ്നറും റയാൻ റിക്കിൾട്ടണും പോലുള്ള താരങ്ങളും ടീമിലുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് രണ്ടോ മൂന്നോ കളിക്കാരെ മാത്രമേ ആവശ്യമായി വരൂ, അതൊരു മികച്ച ടീമായിരിക്കും", സ്റ്റാർ സ്പോർട്സിന്റെ ഇൻസ്റ്റ​ഗ്രാം ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിൽ ബദരീനാഥ് പറഞ്ഞു.

നിലവിലുള്ള മുംബൈ ടീമിനെ കുറിച്ചും ബദരീനാഥ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. "മുംബൈ ഇന്ത്യൻസിന് ലോകമെമ്പാടുമുള്ള ഏത് അന്താരാഷ്ട്ര ടി20 ടീമിനെയും തോൽപ്പിക്കാൻ കഴിയും. ഏത് അന്താരാഷ്ട്ര ടീമിനെയും ഇറക്കൂ, മുംബൈ ഇന്ത്യൻസ് അവരെ പരാജയപ്പെടുത്തും. മുംബൈയ്ക്ക് വലിയ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. ലേലത്തിൽ ചില കളിക്കാരെ ചേർക്കാൻ കഴിയും, പക്ഷേ കോർ ടീം സെറ്റാണ്", ബദരീനാഥ് കൂട്ടിച്ചേർത്തു.

Content Highlights: Former CSK batter's huge take on Mumbai Indians' retention strategy for IPL 2026 ahead of deadline

dot image
To advertise here,contact us
dot image