

ശ്രീലങ്കയുടെ എക്കാലത്തെയും ഇതിഹാസ താരങ്ങളിലൊരാണ് അർജുൻ രണതുംഗ. ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ കൂടിയായ രണതുംഗയുടെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തമിഴ് യൂണിയന്റെ 128-ാം വാർഷിക ദിനത്തിലാണ് മുമ്പ് സഹതാരങ്ങളായ സനത് ജയസൂര്യ, അരവിന്ദ് ഡി സിൽവ, മുത്തയ്യ മുരളീധരൻ എന്നിവർക്കൊപ്പം രണതുംഗ എത്തിയത്. ചുവപ്പ് കുർത്തയിൽ എത്തിയ മുൻ താരത്തെ കണ്ട് ആരാധകർ ഞെട്ടി. കളിക്കുന്ന കാലത്തേക്കാൾ മെലിഞ്ഞ ശരീര പ്രകൃതിയിലായിരുന്നു എൻട്രി. ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷമാകട്ടെ അമിത വണ്ണവും അദ്ദേഹത്തിനുണ്ടായിരുന്നു.
2000 ജൂലൈയിലാണ് 61 കാരനായ രണതുംഗ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. ശേഷം രാഷ്ട്രീയത്തിലേക്ക് ചേക്കേറി. 1996 ലെ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് രണതുംഗയുടെ കീഴിലുള്ള ശ്രീലങ്കൻ ടീം കിരീടം നേടുന്നത്. മത്സരത്തിൽ 37 പന്തിൽ 47 റൺസുമായി അദ്ദേഹം തിളങ്ങുകയും ചെയ്തിരുന്നു. ഏകദിന ക്രിക്കറ്റിൽ ആകെ 5000 ന് മുകളിലും ടെസ്റ്റിൽ 7000 ന് മുകളിലും റൺസ് നേടിയ താരം കൂടിയാണ് രണതുംഗ.
Content Highlights: Sri Lanka Great Arjuna Ranatunga transformation