

തന്റെ മുത്തശ്ശിയെ കുറിച്ചുള്ള വ്യാജപ്രചരണങ്ങളിൽ മൗനം വെടിഞ്ഞ് ഇന്ത്യയുടെ ലോകകപ്പ് ജേതാവ് അമൻജോത് കൗർ. ഇന്ത്യയുടെ വനിതാ ഏകദിന ലോകകപ്പിൽ മുത്തശ്ശിയുടെ ഹൃദയാഘാതവിവരം അറിയാതെയാണ് താരം ബാറ്റുവീശിയതെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. ഏകാഗ്രത നഷ്ടപ്പെടാതിരിക്കുന്നതിനായി അമന്‍ജോതില്‍ നിന്ന് വിവരം മറച്ചുപിടിക്കുകയായിരുന്നുവെന്ന് താരത്തിന്റെ പിതാവ് ഭൂപീന്ദര്‍ സിങ് തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.
എന്നാൽ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ അമൻജോതിന്റെ മുത്തശ്ശി മരിച്ചെന്ന വാർത്തകൾ പ്രചരിക്കുകയായിരുന്നു. ഈ പ്രചാരണങ്ങൾ നിഷേധിച്ച അമൻജോത് മുത്തശ്ശി സുഖമായി ഇരിക്കുന്നുവെന്നും പറഞ്ഞിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും ചിത്രം പങ്കുവെച്ചാണ് അമൻജോത് വ്യാജവാർത്തകളെ കുറിച്ച് പ്രതികരിച്ചത്.
'ഹേയ്, എന്റെ മുത്തശ്ശി സുഖമായിരിക്കുന്നുവെന്നും ആരോഗ്യവതിയാണെന്നുമുള്ള വിവരം പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. ഓൺലൈനിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ഈ വാർത്തകളെ ശ്രദ്ധയോടെയും ആശങ്കയോടെയും സമീപിക്കുന്ന എല്ലാവർക്കും നന്ദി," അമൻജോത് എഴുതി. "എന്റെ 90സ് കിഡ് പൂർണ്ണമായും സുഖമായിരിക്കുന്നു", അമൻജോത് കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് ഫൈനലില്‍ അതിനിര്‍ണായക പ്രകടനം കാഴ്ചവെക്കാനും അമന്‍ജോതിന് സാധിച്ചു. ഇന്ത്യയുടെ വിജയമുറപ്പിച്ച ക്യാച്ചെടുത്ത് ഫൈനലില്‍ തിളങ്ങാന്‍ അമന്‍ജോതിന് സാധിച്ചു.
ഇന്ത്യ ഉയർത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയെ സെഞ്ച്വറി നേടി മുന്നോട്ടുനയിക്കുകയായിരുന്ന ക്യാപ്റ്റൻ ലോറ വോൾവാർഡിനെയാണ് അമൻജോത് ക്യാച്ചെടുത്ത് പുറത്താക്കിയത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിൽ ദീപ്തി ശർമ എറിഞ്ഞ 42-ാം ഓവറിലായിരുന്നു സംഭവം.
98 പന്തില്‍ ഒരു സിക്‌സും 11 ബൗണ്ടറിയും സഹിതം 101 റണ്‍സെടുത്ത ലോറയെ ഡീപ്പ് മിഡ് വിക്കറ്റില്‍ അമന്‍ജോത് കൗര്‍ ഒരു റണ്ണിങ് ക്യാച്ചിലൂടെ അവിശ്വസനീയമായാണ് പന്ത് പിടികൂടിയത്. ആദ്യ ശ്രമത്തില്‍ പന്ത് അമന്‍ജോതിന്റെ കൈകളിലൊതുങ്ങിയിരുന്നില്ല. കൈയില്‍ നിന്നും തെറിച്ചുപോയ പന്ത് രണ്ടം ശ്രമത്തിലും വഴുതിപ്പോയി. എന്നാല്‍ മൂന്നാം ശ്രമത്തിലാണ് പന്ത് കൈകളിലൊതുക്കിയ അമന്‍ജോത് താഴേക്ക് സ്ലൈഡ് ചെയ്യുകയായിരുന്നു. പ്രോട്ടീസ് നായികയുടെ പുറത്താവലാണ് ഇന്ത്യയുടെ വിജയത്തിൽ അതിനിർണായകമായത്.
Content Highlights: Amanjot Kaur hits back at false reports on grandmother’s health