'ആ വേദന സഹിച്ചാണ് അവൾ ബാറ്റുചെയ്തത്'; ഇന്ത്യൻ വനിതാ താരത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഹരിയാന സ്വദേശിയായ താരത്തിന്റെ ബാല്യകാല കോച്ച് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്

'ആ വേദന സഹിച്ചാണ് അവൾ ബാറ്റുചെയ്തത്'; ഇന്ത്യൻ വനിതാ താരത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
dot image

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യനേട്ടം ആഘോഷമാക്കുകയാണ് ഇന്ത്യ. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഹര്‍മന്‍പ്രീത് കൗറിന്റെ പെണ്‍പട വിശ്വകിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 299 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ ദക്ഷിണാഫ്രിക്ക 246 റൺസിന് ഓളൗട്ടാവുകയായിരുന്നു.

ഇപ്പോഴിതാ ഇന്ത്യൻ വനിതാ ടീമിന്റെ വിക്കറ്റ് കീപ്പർ‌ ബാറ്റർ റിച്ച ഘോഷിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഇന്ത്യയുടെ ചരിത്രവിജയത്തിൽ വിക്കറ്റിന് മുന്നിലും പിന്നിലും നിർണായക പ്രകടനം പുറത്തെടുത്ത താരമാണ് റിച്ച. എന്നാൽ വിരലിനേറ്റ പരിക്കുമായാണ് താരം ലോകകപ്പിൽ സെമിയിലും ഫൈനലിലും ബാറ്റിങ്ങും കീപ്പിങ്ങും ചെയ്തതെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. ഹരിയാന സ്വദേശിയായ താരത്തിന്റെ ബാല്യകാല കോച്ചായ ഷിബ് ശങ്കര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്.

'സെമിഫൈനലിന് മുമ്പാണ്. റിച്ചയുടെ ഇടതുകൈയിലെ നടുവിരലിൽ ഒരു ഹെയർലൈൻ ഫ്രാക്ചർ സംഭവിച്ചിരുന്നു. ആ വേദന മുഴുവൻ സഹിച്ചാണ് റിച്ച ബാറ്റുചെയ്തത്. അവരുടെ അപാരമായ മാനസിക ശക്തിയാണ് ഇത് കാണിക്കുന്നത്. എവിടെ ബാറ്റ് ചെയ്താലും തന്റെ ഓരോ ഷോട്ടും വിശ്വസിക്കണമെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു. അവൾ അത് തുടർന്നു', സ്പോർട്സ്സ്റ്റാറുമായുള്ള സംഭാഷണത്തിൽ ഷിബ് ശങ്കർ പറഞ്ഞു.

സെമി ഫൈനലിലും ഫൈനലിലും ഇന്ത്യയുടെ വിജയത്തില്‍ ബാറ്റുകൊണ്ട് നിര്‍ണായക സംഭാവന നല്‍കാന്‍ റിച്ചയ്ക്ക് സാധിച്ചിരുന്നു. സെമിയില്‍ ഓസീസ് ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് വേണ്ടി ആറാമതായി ഇറങ്ങിയ റിച്ച 16 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയും സഹിതം 26 റണ്‍സെടുത്തു.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ഏഴാമതായി ക്രീസിലെത്തിയ റിച്ച 24 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 34 റണ്‍സ് അടിച്ചെടുത്തിരുന്നു. പിന്നാലെ ഇന്ത്യ ഉയർത്തിയ 299 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയെ 246 റൺസിന് ഓളൗട്ടാക്കിയ ഹർമൻപ്രീതും സംഘവും 52 റൺസ് വിജയം സ്വന്തമാക്കി കിരീടത്തിൽ മുത്തമിടുകയും ചെയ്യുകയായിരുന്നു.

Content Highlights: Richa Ghosh’s childhood coach reveals shocking details about her injury during World Cup

dot image
To advertise here,contact us
dot image