ഏകാഗ്രത നഷ്ടപ്പെടാതിരിക്കാൻ മുത്തശ്ശിയുടെ ഹൃദയാഘാതം മറച്ചുവെച്ച് കുടുംബം; കളത്തിൽ തെളിയിച്ച് വനിതാതാരം

വനിതാ താരത്തിന്റെ പിതാവ് ഭൂപീന്ദര്‍ സിങ് തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്

ഏകാഗ്രത നഷ്ടപ്പെടാതിരിക്കാൻ മുത്തശ്ശിയുടെ ഹൃദയാഘാതം മറച്ചുവെച്ച് കുടുംബം; കളത്തിൽ തെളിയിച്ച് വനിതാതാരം
dot image

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം അമന്‍ജോത് കൗര്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയത് മുത്തശ്ശിയുടെ ഹൃദയാഘാതവിവരം അറിയാതെ. ഏകാഗ്രത നഷ്ടപ്പെടാതിരിക്കാന്‍ വനിതാ താരത്തിന്റെ കുടുംബം അമന്‍ജോത്തില്‍ നിന്ന് വിവരം മറച്ചുപിടിക്കുകയായിരുന്നു. താരത്തിന്റെ പിതാവ് ഭൂപീന്ദര്‍ സിങ് തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.

'അമന്‍ജോതിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കരുത്തായിരുന്നു എന്റെ അമ്മ ഭഗവന്തി. മൊഹാലിയിലെ ഞങ്ങളുടെ വീടിനടുത്തുള്ള തെരുവുകളിലും പാര്‍ക്കുകളിലും അമന്‍ജോത് ക്രിക്കറ്റ് കളിച്ചുതുടങ്ങിയ കാലം മുതലേ അങ്ങനെയായിരുന്നു. ബലോങ്ങിയിലെ എന്റെ മരപ്പണിശാലയില്‍ ആയിരിക്കുന്ന സമയത്തുപോലും അമന്‍ജോത് പുറത്ത് ക്രിക്കറ്റ് കളിക്കുന്നത് അമ്മ നോക്കിനില്‍ക്കുമായിരുന്നു. കഴിഞ്ഞ മാസമാണ് എന്റെ അമ്മയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. എന്നാല്‍ അക്കാര്യം ഞങ്ങള്‍ അമന്‍ജോതില്‍ നിന്നും മറച്ചുപിടിച്ചു', ഭൂപീന്ദര്‍ പറഞ്ഞു.

'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മയ്‌ക്കൊപ്പം ആശുപത്രിയിലായിരുന്നു ഞങ്ങള്‍. ഈ ലോകകപ്പ് വിജയം തീര്‍ച്ചയായും ഈ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ദിവസങ്ങളില്‍ ഒരു മരുന്നായി മാറിയിരിക്കുകയാണ്', ഭൂപീന്ദര്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് ഫൈനലില്‍ അതിനിര്‍ണായക പ്രകടനം കാഴ്ചവെക്കാനും അമന്‍ജോതിന് സാധിച്ചു. ഇന്ത്യയുടെ വിജയമുറപ്പിച്ച ക്യാച്ചെടുത്ത് ഫൈനലില്‍ തിളങ്ങാന്‍ അമന്‍ജോതിന് സാധിച്ചു.

ഇന്ത്യ ഉയർത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയെ സെഞ്ച്വറി നേടി മുന്നോട്ടുനയിക്കുകയായിരുന്ന ക്യാപ്റ്റൻ ലോറ വോൾവാർഡിനെയാണ് അമൻജോത് ക്യാച്ചെടുത്ത് പുറത്താക്കിയത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിൽ ദീപ്തി ശർമ എറിഞ്ഞ 42-ാം ഓവറിലായിരുന്നു സംഭവം.

98 പന്തില്‍ ഒരു സിക്‌സും 11 ബൗണ്ടറിയും സഹിതം 101 റണ്‍സെടുത്ത ലോറയെ ഡീപ്പ് മിഡ് വിക്കറ്റില്‍ അമന്‍ജോത് കൗര്‍ ഒരു റണ്ണിങ് ക്യാച്ചിലൂടെ അവിശ്വസനീയമായാണ് പന്ത് പിടികൂടിയത്. ആദ്യ ശ്രമത്തില്‍ പന്ത് അമന്‍ജോതിന്റെ കൈകളിലൊതുങ്ങിയിരുന്നില്ല. കൈയില്‍ നിന്നും തെറിച്ചുപോയ പന്ത് രണ്ടം ശ്രമത്തിലും വഴുതിപ്പോയി. എന്നാല്‍ മൂന്നാം ശ്രമത്തിലാണ് പന്ത് കൈകളിലൊതുക്കിയ അമന്‍ജോത് താഴേക്ക് സ്ലൈഡ് ചെയ്യുകയായിരുന്നു. പ്രോട്ടീസ് നായികയുടെ പുറത്താവലാണ് ഇന്ത്യയുടെ വിജയത്തിൽ അതിനിർണായകമായത്.

Content Highlights: Amanjot Kaur’s family hid grandmother’s heart attack during India’s maiden Women's World Cup title run

dot image
To advertise here,contact us
dot image