

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കന്നി ലോകകപ്പ് കിരീടനേട്ടം ആഘോഷിക്കുമ്പോൾ പാകിസ്താൻ ക്രിക്കറ്റിൽ പതുവുപോലെ വിവാദങ്ങൾ തുടരുകയാണ്, എട്ടു ടീമുകൾ ഏറ്റുമുട്ടിയ ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും അവസാന സ്ഥാനക്കാരായാണ് പാകിസ്താൻ നാട്ടിലേക്കു വണ്ടി കയറിയത്.
ടൂർണമെന്റിൽ ഒരു മത്സരം പോലും വിജയിക്കാൻ ഫാത്തിമ സനയ്ക്കും സംഘത്തിനുമായില്ല. നാലു മത്സരങ്ങൾ തോറ്റപ്പോൾ മൂന്നെണ്ണം മഴയിൽ ഒലിച്ചുപോയി. യോഗ്യതാ മത്സരങ്ങളിലെ ഒന്നാം സ്ഥാനക്കാരായി ടൂർണമെന്റിന് എത്തിയ പാക്കിസ്ഥാനു പക്ഷേ ആ ഫോം ടൂർണമെന്റിൽ പുറത്തെടുക്കാനായില്ല. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ, പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും കൊളംബോയിലായിരുന്നു.
ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ കടുത്ത നടപടിയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) എടുത്തിരിക്കുന്നത്. ദേശീയ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായിരുന്ന മുഹമ്മദ് വസീമിനെ പിസിബി പുറത്താക്കി.
പുരുഷ ടീമുകളുടെ ചീഫ് സെലക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ പാകിസ്താൻ താരമായ വസീമിനെ കഴിഞ്ഞ വർഷമാണ് മുഖ്യ പരിശീലകനായി നിയമിച്ചത്. ഇതിനു പിന്നാലെ ഏഷ്യാ കപ്പ് സെമിഫൈനലിൽ പാകിസ്താൻ തോറ്റു. ട്വന്റി20 ലോകകപ്പിന്റെ ലീഗ് ഘട്ടത്തിൽ തന്നെ ടീം പുറത്താകുകയും ചെയ്തു.
Content Highlights: PCB sacks team coach after not winning a single match in Women's World Cup