കലോത്സവത്തിലേക്ക് വിദ്യാർത്ഥികളെ സ്വാഗതംചെയ്ത് ചോദ്യപേപ്പർ ചോർച്ചകേസ് പ്രതിയുടെ ഫ്ളക്സ്;അനുമതിയില്ലെന്ന് നഗരസഭ

അനുമതിയില്ലാതെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് കൊടുവള്ളി നഗരസഭ വ്യക്തമാക്കുന്നത്

കലോത്സവത്തിലേക്ക് വിദ്യാർത്ഥികളെ സ്വാഗതംചെയ്ത് ചോദ്യപേപ്പർ ചോർച്ചകേസ് പ്രതിയുടെ ഫ്ളക്സ്;അനുമതിയില്ലെന്ന് നഗരസഭ
dot image

കോഴിക്കോട്: ഉപജില്ലാ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ ഒന്നാം പ്രതിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സ് ബോര്‍ഡ്. കോഴിക്കോട് കൊടുവള്ളി ഉപജില്ലാ കലോത്സവ വേദിക്കരികിലാണ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷുഹൈബിന്റെ ഫോട്ടോയോട് കൂടിയതാണ് പരസ്യ ബോര്‍ഡുകള്‍. കൊടുവള്ളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കവാടത്തിന്റെ ഇരുവശങ്ങളിലുമാണ് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. അനുമതിയില്ലാതെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് കൊടുവള്ളി നഗരസഭ വ്യക്തമാക്കുന്നത്.

കൊടുവള്ളി മാര്‍ക്കറ്റ് റോഡില്‍ നിന്ന് ആരംഭിച്ച് ഹൈസ്‌കൂള്‍ കവാടത്തിനരികെ വരെ ഇരുപത്തിയഞ്ചോളം ഫ്‌ളക്‌സ് ബോര്‍ഡുകളാണ് സ്ഥാപിച്ചത്. കലോത്സവ കമ്മിറ്റിയുടെയോ, നഗരസഭയുടെയോ അനുമതിയില്ലാതെയാണ് സ്‌കൂള്‍ പരിസരത്തും റോഡിലുമായി ബോര്‍ഡ് വച്ചിരിക്കുന്നത്. പ്രധാന വേദിയുടെ പരിസരത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചത് കലോത്സവ കമ്മിറ്റിയുടെ അറിവില്ലാതെയെന്നാണ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ മുജീബ് ചളിക്കാട് അറിയിച്ചത്.

കലോത്സവ വേദിയുടെ പലഭാഗങ്ങളിലും റോഡിലും എല്‍ഇഡി സ്‌ക്രീന്‍ പരസ്യം ചെയ്യാന്‍ വലിയ തുക വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ചോദ്യപേപ്പര്‍ കേസിലെ പ്രതിയായതിനാലും കുട്ടികള്‍ക്ക് മോശം സന്ദേശം നല്‍കുമെന്നതിനാലും പരസ്യം കൊടുക്കാനുള്ള അനുമതി കലോത്സവത്തിന്റെ കണ്‍വീനര്‍ നിഷേധിക്കുകയായിരുന്നു.

എന്നാല്‍ ഇതിന് ശേഷം അനുമതിയില്ലാതെ കലോത്സവ വേദിയുടെ പരിസരത്തും മറ്റുമായി എംഎസ് സൊല്യൂഷന്‍സ് സ്വന്തം ഇഷ്ടത്തിന് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്ന ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്നും ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും പൊതു സമൂഹത്തില്‍ നിന്നും ആവശ്യം ഉയര്‍ന്ന് വന്നിട്ടുണ്ട്.

പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയിലെ കെമിസ്ട്രിയുടെ ചോദ്യപേപ്പറായിരുന്നു ചോര്‍ന്നത്. ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം എസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നിരുന്നതായായിരുന്നു പരാതി. ഷുഹൈബാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

വിശദമായ അന്വേഷണത്തില്‍ മഅ്ദിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയും എം എസ് സൊല്യൂഷന്‍ അധ്യാപകനുമായ ഫഹദിനാണ് ഇയാള്‍ ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ പ്യൂണിനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Content Highlight; Koduvally Arts Festival: Boards by Accused in Question-Paper Leak Case Greet Students

dot image
To advertise here,contact us
dot image