

ഇന്ത്യയുടെ വനിതാ ലോകകപ്പ് വിജയത്തിലേക്കുള്ള യാത്രയിൽ മികച്ച പ്രകടനമാണ് സൂപ്പർ താരവും ടീമിന്റെ വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാന കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പില്‍ കൂടുതൽ റൺസ് നേടുന്ന വനിതാ താരമെന്ന റെക്കോർഡും സ്മൃതി മന്ദാന സ്വന്തം പേരിലെഴുതിച്ചേർത്തിരുന്നു. മുൻ ഇന്ത്യൻ താരം മിതാലി രാജിനെ സ്മൃതി പിന്തള്ളിയാണ് ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് മന്ദാന സ്വന്തമാക്കിയത്. ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 58 പന്തുകൾ നേരിട്ട സ്മൃതി 45 റൺസെടുത്താണു പുറത്തായത്. ഇതോടെ ലോകകപ്പിൽ താരത്തിന് 434 റൺസായി. 2017 ലോകകപ്പില്‍ മിതാലി രാജ് 409 റൺസ് സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ ഇന്ത്യയുടെ ലോകകപ്പ് വിജയം സ്മൃതി മന്ദാനയ്ക്കൊപ്പം ആഘോഷമാക്കുകയാണ് താരത്തിന്റെ കാമുകൻ പലാഷ് മുച്ചാൽ. വിജയത്തിന് ശേഷം സ്റ്റേഡിയത്തിനുള്ളിൽ ലോകകപ്പ് പിടിച്ച് നിൽക്കുന്ന ഇരുവരുടെയും ചിത്രം സോഷ്യൽ മീഡിയയിൽ പലാഷ് പങ്കുവെച്ചു. 'ഞാൻ ഇപ്പോഴും സ്വപ്നം കാണുകയാണോ?' എന്ന അടിക്കുറിപ്പോടെയാണ് സംഗീത സംവിധായകനായ പലാഷ് ചിത്രം പോസ്റ്റ് ചെയ്തത്.
അതേസമയം സ്മൃതി മന്ദാനയും പലാഷ് മുച്ചാലും തമ്മിലുള്ള വിവാഹം ഉടനെയുണ്ടാകുമെന്ന റിപ്പോർട്ടുകൾ ഈയടുത്ത് വന്നിരുന്നു. ഇരുവരും തമ്മിൽ പ്രണയമാണെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് പലാഷ് തന്നെ രംഗത്തെത്തുകയായിരുന്നു. സ്മൃതി താമസിയാതെ ഇൻഡോറിന്റെ മരുമകൾ ആകുമെന്നാണ് പലാഷ് പരസ്യമായി വെളിപ്പെടുത്തിയത്. ഇതോടെയാണ് പ്രണയത്തിലാണെന്ന് സ്ഥിരീകരണമായത്. സ്റ്റേറ്റ് പ്രസ് ക്ലബ്ബിൽ നടന്ന ഒരു പരിപാടിക്കിടെ സ്മൃതിയെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇൻഡോർ സ്വദേശിയായ പലാഷ് മുച്ചലിന്റെ മറുപടി.
Content Highlights: Smriti Mandhana and Palash Muchhal share a special moment after India’s Women’s World Cup win