ആഷസ് മുന്നൊരുക്കം; അവസാന രണ്ട് ട്വന്റി 20 മത്സരങ്ങളിൽ ട്രാവിസ് ഹെഡ‍് കളിക്കില്ല

നവംബർ ആറ് വ്യാഴാഴ്ചയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ട്വന്റി 20 മത്സരം നടക്കുക

ആഷസ് മുന്നൊരുക്കം; അവസാന രണ്ട് ട്വന്റി 20 മത്സരങ്ങളിൽ ട്രാവിസ് ഹെഡ‍് കളിക്കില്ല
dot image

ഇന്ത്യയ്ക്കെതിരായ അവസാന രണ്ട് ട്വന്റി 20 മത്സരങ്ങളിൽ ഓസ്ട്രേലിയൻ ഓപണിങ് ബാറ്റർ ട്രാവിസ് ഹെഡ് കളിക്കില്ല. ഈ മാസം 21ന് ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളുടെ ഭാ​ഗമായാണ് ഹെഡ് ടി20 ടീമിൽ നിന്ന് വിട്ടുനിൽക്കുന്നത്. പകരം ഓസ്ട്രേലിയൻ ആ​ഭ്യന്തര ക്രിക്കറ്റിൽ സൗത്ത് ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹെഡ് കളിക്കും. വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് ക്യാരിയും ഈ ടീമിന്റെ ഭാ​ഗമാണ്.

നവംബർ 10 മുതലാണ് സൗത്ത് ഓസ്ട്രേലിയ ടീമിന്റെ ടാസ്മേനിയയ്ക്കെതിരായ മത്സരം. ജൂലൈ മാസത്തിൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു ശേഷം ഇതാദ്യമായാണ് ട്രാവി​സ് ഹെഡ് ടെസ്റ്റ് മത്സരം കളിക്കാനൊരുങ്ങുന്നത്. ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 142 റൺസ് നേടിയ ശേഷം, കഴിഞ്ഞ ഒരു മാസമായി പരിമിത ഓവർ ക്രിക്കറ്റിൽ ട്രാവിസ് ഹെഡ് അത്ര മികച്ച ഫോമിലല്ല കളിക്കുന്നത്. ടി20, ഏകദിന മത്സരങ്ങളിലായി എട്ട് ഇന്നിങ്‌സുകൾ പരിശോധിച്ചാൽ 31 റൺസാണ് ഹെഡിന്റെ ഉയർന്ന സ്‌കോർ.

ആഷസ് ഒരുക്കങ്ങളുടെ ഭാ​ഗമായി ഓസ്ട്രേലിയൻ ടീമിൽ നിന്ന് പിന്മാറുന്ന മൂന്നാമത്തെ താരമാണ് ഹെഡ്. ജോഷ് ഹേസൽവുഡും സീൻ ആബട്ടുമാണ് ടി20 ടീമിൽ നിന്ന് മാറിയിട്ടുള്ള മറ്റു രണ്ട് താരങ്ങൾ. ടി20 പരമ്പരയുടെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇരുവരും ഇന്ത്യക്കെതിരെ കളിച്ചിരുന്നു. ഇവർ രണ്ട് താരങ്ങളും ന്യൂ സൗത്ത് വെയിൽസിനുവേണ്ടി, സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വിക്ടോറിയയുമായി നടക്കുന്ന മത്സരത്തിൽ കളിക്കും.

നവംബർ ആറ് വ്യാഴാഴ്ചയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ട്വന്റി 20 മത്സരം നടക്കുക. പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചിട്ടുണ്ട്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം ട്വന്റി 20യിൽ ഓസ്ട്രേലിയയും മൂന്നാം മത്സരത്തിൽ ഇന്ത്യയും വിജയിച്ചു.

Content Highlights: Travis Head to be unavailable for last two T20Is against India

dot image
To advertise here,contact us
dot image