

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. രണ്ടാം ടി20 മത്സരത്തിലും ബംഗ്ലാദേശിനെ 14 റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് വിന്‍ഡീസ് പരമ്പര പിടിച്ചെടുത്തത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 16 റണ്‍സിന് വിന്‍ഡീസ് വിജയം സ്വന്തമാക്കിയിരുന്നു. രണ്ടാം മത്സരത്തിലും ബംഗ്ലാദേശിനെ കീഴ്‌പ്പെടുത്തിയതോടെ ഒരു മത്സരം ബാക്കിനില്‍ക്കെ വിന്‍ഡീസ് പരമ്പര പിടിച്ചെടുത്തു.
ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. 33 പന്തില്‍ 52 റൺസെടുത്ത അലിക് അതനാസെ, 36 പന്തില്‍ 53 റൺസെടുത്ത ഷായ് ഹോപ്പ് എന്നിവരുടെ ഇന്നിങ്സാണ് വിൻഡീസിന് കരുത്തായത്. ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്‍ റഹ്മാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സിൽ അവസാനിച്ചു. വിന്‍ഡീസിന് വേണ്ടി റൊമാരിയോ ഷെപ്പേര്‍ഡ്, അകെയ്ല്‍ ഹുസൈന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് സ്വന്തമാക്കി. 61 റണ്‍സ് നേടിയ തന്‍സിദ് ഹസന്‍ തമീം മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ലിറ്റണ്‍ ദാസ് (23), ജേക്കര്‍ അലി (17), തൗഹിത് ഹൃദോയ് (12) എന്നിവരാണ് ബംഗ്ലാ നിരയിൽ പിന്നീട് രണ്ടക്കം കടന്ന താരങ്ങള്‍. സെയ്ഫ് ഹസന്‍ (5), ഷമീം ഹുസൈന്‍ (1), നസും അഹമ്മദ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. തന്‍സിം ഹസന്‍ സാക്കിബ് (8) പുറത്താവാതെ നിന്നു.
Content Highlights: Bangladesh Vs West Indies, 2nd T20I: Windies Beat BAN By 14 Runs, Seal Three-Match Series 2–0