'ഐപിഎല്ലിന് ശേഷം പേശികള്‍ക്ക് അപൂർവരോഗം ബാധിച്ചു, കൂടെ നിന്നത് അവര്‍'; വേദന നിറഞ്ഞ ദിവസങ്ങളെ കുറിച്ച് തിലക്‌

'വിശ്രമിക്കേണ്ട ദിവസങ്ങളിൽ പോലും ഞാൻ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്തു. ഇതോടെ എന്റെ പേശികളുടെ അവസ്ഥ വളരെ മോശമായി'

'ഐപിഎല്ലിന് ശേഷം പേശികള്‍ക്ക് അപൂർവരോഗം ബാധിച്ചു, കൂടെ നിന്നത് അവര്‍'; വേദന നിറഞ്ഞ ദിവസങ്ങളെ കുറിച്ച് തിലക്‌
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ ആദ്യ സീസണ് ശേഷം അപൂര്‍വരോഗം ബാധിച്ച ദിവസങ്ങളെ കുറിച്ച് ഇന്ത്യന്‍ യുവതാരം തിലക് വര്‍മ. 2022 സീസണ് ശേഷം തന്റെ പേശികളെ ഗുരുതരമായ രോഗം ബാധിച്ചുവെന്നും മുംബൈ ഇന്ത്യൻസ് ടീമും ആകാശ് അംബാനിയും ബിസിസിഐയും ജയ് ഷായുമാണ് അന്ന് തനിക്കൊപ്പം നിന്നതെന്നും തിലക് തുറന്നുപറഞ്ഞു. ഗൗരവ് കപൂറുമായുള്ള സംഭാഷണത്തിനിടെയാണ് വേദന നിറഞ്ഞ നാളുകളെ കുറിച്ച് തിലക് മനസുതുറന്നത്.

'ഞാൻ ആരോടും ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ല. എന്റെ ആദ്യത്തെ ഐ‌പി‌എല്ലിനുശേഷം എനിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. പേശികൾക്ക് തകരാർ സംഭവിക്കുന്ന റാബ്ഡോമയോളിസിസ് എന്നൊരു അപൂർവ രോഗമാണ് എനിക്കെന്ന് കണ്ടെത്തി. എന്നാൽ ടെസ്റ്റ് ടീമിൽ കളിക്കാനുള്ള ആഗ്രഹത്തിൽ ആ സമയത്ത് ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ് പോയത്. വിശ്രമമില്ലാതെ ജിമ്മിൽ പോയി. ഫിറ്റ്നെസ് നിലനിർത്തുക എന്നത് മാത്രമായിരുന്നു അപ്പോൾ എന്റെ ലക്ഷ്യം', അദ്ദേഹം പറഞ്ഞു.

'വിശ്രമിക്കേണ്ട ദിവസങ്ങളിൽ പോലും ഞാൻ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്തു. ഇതോടെ എന്റെ പേശികളുടെ അവസ്ഥ വളരെ മോശമായി. ബംഗ്ലാദേശിനെതിരായി ഒരു മത്സരം കളിക്കുന്നതിനിടെ തന്റെ കൈകൾ അനക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി. എന്റെ ‌അവസ്ഥ അറിഞ്ഞയുടനെ മുംബൈ ഇന്ത്യൻസ് ഉടമ ആകാശ് അംബാനി വിഷയത്തിൽ ഇടപെടുകയുണ്ടായി. അദ്ദേഹമാണ് ഇക്കാര്യം ജയ് ഷായെ അറിയിച്ചത്. തുടർന്ന് ജയ് ഷായും ബിസിസിഐയം ഇടപെട്ട് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു', അഭിമുഖത്തിൽ തിലക് പറഞ്ഞു. കുറച്ച് മണിക്കൂറുകൾ വൈകിയിരുന്നെങ്കിൽ വലിയ ദുരന്തത്തിലേക്ക് പോലും നീങ്ങുമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞതായും തിലക് കൂട്ടിചേർത്തു.

2022 ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി മികച്ച പ്രകടനമാണ് തിലക് വർമ കാഴ്ചവെച്ചത്‌. തുടർന്നുള്ള ടൂർണമെന്റുകളിലും മികച്ച പ്രകടനം നടത്തിയ ഹൈദരാബാദുകാരൻ പിന്നീട് ഇന്ത്യൻ ടി20 ടീമിലെ പ്രധാന താരമായി മാറുകയായിരുന്നു. 2025 ഏഷ്യാ കപ്പ് ഫൈനലിൽ തിലക് വർമ്മയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്.

Content Highlights: Tilak Varma Reveals He Was Diagnosed With Rare Muscle Breakdown Disorder

dot image
To advertise here,contact us
dot image