പുറത്താക്കിയതിന്റെ കാരണം അവര്‍ സര്‍ഫറാസിനോട് പറഞ്ഞുകാണുമെന്ന് പ്രതീക്ഷിക്കുന്നു: ഗവാസ്‌കര്‍

സര്‍ഫറാസ് ഖാനെ ഇന്ത്യ എ ടീമിലേക്ക് പരിഗണിക്കാത്തതില്‍ വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങളും വഴിവെച്ചിരുന്നു

പുറത്താക്കിയതിന്റെ കാരണം അവര്‍ സര്‍ഫറാസിനോട് പറഞ്ഞുകാണുമെന്ന് പ്രതീക്ഷിക്കുന്നു: ഗവാസ്‌കര്‍
dot image

ദേശീയ ടീമിൽ നിന്ന് പുറത്തായതിന്റെ കാരണം സെലക്ടർമാരും ബിസിസിഐയും ഇന്ത്യൻ താരം സർഫറാസ് ഖാനെ അറിയിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌കർ. ആഭ്യന്തര ക്രിക്കറ്റിൽ മികവുറ്റ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിട്ടും സര്‍ഫറാസ് ഖാനെ ഇന്ത്യ എ ടീമിലേക്ക് പരിഗണിക്കാത്തതില്‍ വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങളും വഴിവെച്ചിരുന്നു. റിഷഭ് പന്തിന്റെ തിരിച്ചുവരവിന് വേണ്ടിയാണ് സർഫറാസിന് ടീമിൽ സ്ഥാനം നൽകാത്തതെന്ന ആരോപണവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ​ഗവാസ്കറും പ്രതികരണവുമായി രം​ഗത്തെത്തിയത്.

"സർഫറാസിനെ പരിഗണിക്കാത്തതിന്റെ കാരണം സെലക്ഷൻ കമ്മിറ്റി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് ഞാൻ കരുതുന്നു. അക്കാര്യം അവർ സർഫറാസിനെ അറിയിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കാരണം കഴിഞ്ഞ വർഷമാണ് ന്യൂസിലാൻഡിനെതിരെ സർഫറാസ് സെഞ്ച്വറി നേടിയത്. അവിടെ അധികം താരങ്ങൾക്ക് സ്കോർ ചെയ്യാൻ സാധിക്കാത്തിടത്താണ് സർഫറാസ് അനായാസം സെഞ്ച്വറി പ്രകടനം കാഴ്ച വെച്ചത്. ന്യൂസിലാൻഡിനെതിരെ 140 അല്ലെങ്കിൽ 150 റൺസ് നേടി. അതുകൊണ്ടുതന്നെ ഉയർന്ന തലത്തിൽ ബാറ്റ് ചെയ്യാനും റൺസ് നേടാനും സർഫറാസിന് കഴിവുണ്ട്", ​ഗവാസ്കർ പറഞ്ഞു.

അതിനിടെ സർഫറാസിനെ ടീമിൽ പരി​ഗണിക്കാത്തതിൽ ബിസിസിഐയും വിശദീകരണവുമായി രം​ഗത്തെത്തിയിരുന്നു. സർഫറാസിനെ ഇന്ത്യ എ ടീമിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം ഫിറ്റ്നസും ഫോമും ആണെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ‘സർഫറാസ് ക്വാഡ്രിസെപ്സ് പരിക്കുമൂലം പുറത്തായിരുന്നു. അടുത്തിടെയാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. പിന്നാലെ രഞ്ജി ട്രോഫിയുടെ ആദ്യ റൗണ്ട് കളിച്ചു. വളരെക്കാലത്തിന് ശേഷം അദ്ദേഹം കളിക്കുന്ന ഒരേയൊരു മത്സരം ഇതാണ്. ഇന്ത്യ എ ടീമിലേക്ക് സർഫറാസിനെ തിരികെ കൊണ്ടുവരുന്നതിന് മുൻപ് സെലക്ടർമാർ രഞ്ജി സീസണിൽ അദ്ദേഹത്തിന്റെ ഫോം വിലയിരുത്തും. അദ്ദേഹത്തിന് ഉടൻ തന്നെ അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, ബിസിസിഐ വൃത്തം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിന് പരമ്പരക്ക് മുമ്പുള്ള ഇന്ത്യ എ- ദക്ഷിണാഫ്രിക്ക ചതുർദിന അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ നിന്നും ഇന്ത്യൻ മധ്യനിര ബാറ്റർ സർഫറാസ് ഖാനെ തഴഞ്ഞിരുന്നു. കഴിഞ്ഞ വർഷം ന്യസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

ഇന്ത്യ എക്കെതിരെ സർഫറാസിന് അവസരം ലഭിക്കാത്തതിന് കാരണം ഇന്ത്യ എയുടെ നായകനായി റിഷഭ് പന്ത് എത്തിയതാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് മത്സരത്തിൽ ക്യാപ്റ്റൻ പന്ത് അഞ്ചാമനായി ഇറങ്ങുന്നത് കൊണ്ട് തന്നെ ടീമിലെടുത്താലും സർഫറാസിന് ബെഞ്ചിൽ ഇരിക്കാൻ മാത്രമെ യോഗമുണ്ടാകുകയുള്ളൂവെന്നുമാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: Hope Agarkar, BCCI has informed Sarfaraz Khan why he was dropped Says Sunil Gavaskar

dot image
To advertise here,contact us
dot image