'ഇനി എന്നെ കുറ്റം പറയാന്‍ നില്‍ക്കേണ്ട'; രോഹിത്തിനോട് കട്ടക്കലിപ്പില്‍ ശ്രേയസ്, മൈക്ക് സ്റ്റംപ് സംഭാഷണം വൈറല്‍

സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണത്തില്‍ ഇരുവരും തര്‍ക്കിക്കുകയാണ് ചെയ്യുന്നത്

'ഇനി എന്നെ കുറ്റം പറയാന്‍ നില്‍ക്കേണ്ട'; രോഹിത്തിനോട് കട്ടക്കലിപ്പില്‍ ശ്രേയസ്, മൈക്ക് സ്റ്റംപ് സംഭാഷണം വൈറല്‍
dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായ കൂട്ടുകെട്ടാണ് രോഹിത്- ശ്രേയസ് സഖ്യം പടുത്തുയര്‍ത്തിയത്. മൂന്നാം വിക്കറ്റില്‍ ക്രീസിലൊരുമിച്ച രോഹിതും അയ്യരും ചേര്‍ന്ന് ടീമിന്റെ തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി. അര്‍ധ സെഞ്ച്വറി നേടിയ ഇരുവരും 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. കടുപ്പമേറിയ പിച്ചില്‍ പൊരുതി നേടിയ 73 റണ്‍സാണ് രോഹിതിന്റെ സ്‌കോര്‍. അയ്യര്‍ ആകട്ടെ 61 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സാധിച്ചെങ്കിലും രോഹിത്തിനും ശ്രേയസിനും ഇടയില്‍ അല്‍പ്പം ആശയവിനിമയത്തിന്റെയും കെമിസ്ട്രിയുടെയും കുറവുണ്ടായിരുന്നു. ഇപ്പോഴിതാ ബാറ്റിങ്ങിനിടെ രോഹിത്തും ശ്രേയസും തമ്മിലുണ്ടായ ഒരു സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണത്തില്‍ ഇരുവരും തര്‍ക്കിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ഏഴാം ഓവറിനിടെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്ന ശ്രേയസ് കാരണം ഒരു സിംഗിള്‍ നഷ്ടപ്പെട്ടതിന്റെ പേരിലാണ് രോഹിത് കലിപ്പായത്. പിന്നാലെ രോഹിത്തിനോട് ശ്രേയസും ദേഷ്യത്തോടെ സംസാരിക്കുന്നുണ്ട്.

സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണത്തിന്റെ പൂര്‍ണരൂപം:

രോഹിത്: ഏയ് ശ്രേയസ്, അതൊരു സിംഗിളായിരുന്നു

ശ്രേയസ്: നിങ്ങള്‍ പറയണമായിരുന്നു. ഇപ്പോള്‍ എന്നെ കുറ്റം പറയാന്‍ നില്‍ക്കേണ്ട

രോഹിത്: സിംഗിള്‍ ഓടണമെന്ന് നീ എനിക്ക് കോള്‍ തരണമായിരുന്നു. ഏഴാമത്തെ ഓവറാണ് അയാള്‍ എറിയുന്നത്

ശ്രേയസ്: എനിക്ക് അവന്റെ ആംഗിള്‍ അറിയില്ലായിരുന്നു. നിങ്ങള്‍ക്ക് വിളിക്കാമായിരുന്നു

രോഹിത്: എനിക്കും ആംഗിള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല

ശ്രേയസ്: അവന്‍ നിങ്ങളുടെ മുന്നില്‍ നിന്നാണ് എറിഞ്ഞത്

പിന്നാലെ മറുപടിയായി സംഭാഷണം അവസാനിപ്പിക്കാനെന്നോണം രോഹിത് തലകുലുക്കുക മാത്രമാണ് ചെയ്തത്.

അതേസമയം രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ 265 റണ്‍സാണ് ഇന്ത്യ ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ്‌ നേടിയത്. രോഹിത്തിന്‍റെയും ശ്രേയസ്സിന്‍റെയും അർധ സെഞ്ച്വറികള്‍ക്ക് പിന്നാലെ ഒമ്പതാം വിക്കറ്റിൽ ഹർഷിത് റാണയുടെയും അർഷ്ദീപിന്റെയും ചെറുത്ത്നിൽപ്പാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്ന് 37 റൺസ് നേടിയെടുത്തു. റാണ 18 പന്തിൽ 24 റൺസും അർഷ്ദീപ് 14 പന്തിൽ 13 റൺസാണ് നേടിയത്.

ഇന്ത്യൻ നിരയിൽ രോഹിത് ശർമ ( 73 ), ശ്രേയസ് അയ്യർ(61), അക്‌സർ പട്ടേൽ( 44) എന്നിവർ തിളങ്ങി. സൂപ്പർ താരം വിരാട് വികോഹ്‌ലി(0), ശുഭ്മാൻ ഗിൽ (9) എന്നിവർ വീണ്ടും നിരാശപ്പെടുത്തി. കെ എൽ രാഹുൽ , വാഷിഗ്ടൺ സുന്ദർ , നിതീഷ് കുമാർ റെഡ്‌ഡി എന്നിവർക്ക് തിളങ്ങാനായില്ല. ഓസീസിനായി ആദം സാംപ നാല് വിക്കറ്റും സേവ്യർ ബാർട്ട്ലെറ്റ് മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും നേടി.

Content Highlights: Rohit Sharma, Shreyas Iyer argue over missed single in Adelaide, Video Goes Viral

dot image
To advertise here,contact us
dot image