റീ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ 'അമരം', ഓൾ ഇന്ത്യ റിലീസ് നവംബർ 7ന്

രാജമാണിക്യം, മായാവി, ബിഗ് ബി തുടങ്ങിയ മമ്മൂട്ടി സിനിമകളാണ് റീ റിലീസ് ചെയ്യണ്ടതെന്നും അമരം പോലെയുള്ള സിനിമകൾക്ക് റീ റിലീസിൽ ആളെക്കൂട്ടാൻ സാധിക്കില്ലെന്നാണ് പലരും പറയുന്നത്

റീ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ 'അമരം', ഓൾ ഇന്ത്യ റിലീസ് നവംബർ 7ന്
dot image

ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് അമരം. മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ പുറത്തിറങ്ങി 34 വർഷത്തിന് ശേഷം സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.

നവംബർ 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അമരം എത്തും. വല്യേട്ടൻ, വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളാണ് നേരത്തെ റീ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങൾ. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ റീ റിലീസിന് ഒരുങ്ങുന്നത്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ചലച്ചിത്ര വിതരണ കമ്പനിയായ സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

1991 ഫെബ്രുവരി ഒന്നിനായിരുന്നു അമരത്തിന്റെ റിലീസ്.മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമയായി എത്തിയ അമരം തിയേറ്ററില്‍ വലിയ വിജയമായിരുന്നു. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. മദ്രാസിലെ തിയേറ്ററുകളിലും 50 ദിവസത്തോളം അമരം നിറഞ്ഞ സദസുകളെ നേടി.

അതേസമയം, മമ്മൂട്ടി ആരാധകരുടെ പക്കൽ നിന്നും നിരാശയുണർത്തുന്ന പ്രതികരണമാണ് ഉയരുന്നത്. രാജമാണിക്യം, മായാവി, ബിഗ് ബി തുടങ്ങിയ മമ്മൂട്ടി സിനിമകളാണ് റീ റിലീസ് ചെയ്യണ്ടതെന്നും അമരം പോലെയുള്ള സിനിമകൾക്ക് റീ റിലീസിൽ ആളെക്കൂട്ടാൻ സാധിക്കില്ലെന്നാണ് പലരും പറയുന്നത്. മധു അമ്പാട്ട്, ജോണ്‍സണ്‍, രവീന്ദ്രന്‍, വി.ടി. വിജയന്‍, ബി.ലെനിന്‍ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധനരായ പിന്നണിപ്രവര്‍ത്തകര്‍ അണിനിരന്ന ചിത്രം കൂടിയായിരുന്നു അമരം.

സിനിമയിലെ ഗാനങ്ങളെല്ലാം എവര്‍ഗ്രീന്‍ സോങ്ങ്‌സായി ഇന്നും തുടരുകയാണ്. കൂടാതെ ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം അവരുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളുടെ നിരയിലും ഇടംപിടിച്ചിരുന്നു. ഭാര്‍ഗവിയായുള്ള പെര്‍ഫോമന്‍സിലൂടെ കെ പി എ സി ലളിതയ്ക്ക് മികച്ച സഹനടിയ്ക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മുരളിയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരപട്ടികയില്‍ ആ വര്‍ഷത്തെ മികച്ച ഛായാഗ്രാഹകനായത് മധു അമ്പാട്ടായിരുന്നു.

Content Highlights: Mammootty's 'Amaram' set for re-release, all-India release on November 7th

dot image
To advertise here,contact us
dot image