സഞ്ജു ആര്‍സിബിയിലേക്കോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ആ ചിത്രം

പുതിയ സീസണില്‍ സഞ്ജു സാംസണെ ലക്ഷ്യമിട്ട് പല ടീമുകളും ഇതിനോടകം തന്നെ രം​ഗത്തെത്തിയിട്ടുമുണ്ട്

സഞ്ജു ആര്‍സിബിയിലേക്കോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ആ ചിത്രം
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് വളരെ കാലമായി ചർച്ച ചെയ്യപ്പെടുന്നത്. ഐപിഎല്ലിന്റെ മിനി താരലേലം ഡിസംബറില്‍ നടക്കാനിരിക്കെ മലയാളി സൂപ്പര്‍ താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. പുതിയ സീസണില്‍ സഞ്ജു സാംസണെ ലക്ഷ്യമിട്ട് പല ടീമുകളും ഇതിനോടകം തന്നെ രം​ഗത്തെത്തിയിട്ടുമുണ്ട്.

അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഈ അഭ്യൂഹങ്ങളിൽ‌ സജീവമായിട്ടുള്ളത്. രാജസ്ഥാൻ വിടുന്ന സഞ്ജു ധോണിപ്പടയിലേക്ക് എത്തുമെന്ന തരത്തിൽ ശക്തമായ റിപ്പോർട്ടുകൾ വന്നിരുന്നു. സിഎസ്കെയ്ക്ക് പുറമേ മൂന്ന് തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളുമായി ചേര്‍ത്ത് ഇതിനകം സഞ്ജുവിന്റ പേരില്‍ വാര്‍ത്തകളും വന്നു കഴിഞ്ഞു. ഇപ്പോഴിതാ നിലവിലെ ചാമ്പ്യന്മാരായ ആർസിബിയിലേക്കായിരിക്കും സഞ്ജുവിന്റെ കൂടുമാറ്റമെന്നാണ് ക്രിക്കറ്റ് സർക്കിളുകളിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ അഭ്യൂഹം.

സഞ്ജു സാംസൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഈ പുതിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് സഞ്ജു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചത്. ആര്‍സിബിയുടെ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റും മലയാളിയുമായ ഗബ്രിയേല്‍ കുര്യനൊപ്പം ടര്‍ഫിലാണ് സഞ്ജു നില്‍ക്കുന്നത്. ടര്‍ഫില്‍ ബാറ്റുപിടിച്ചുനില്‍ക്കുന്ന സഞ്ജു ഇന്ത്യന്‍ ടീമിന്റെ പ്രാക്ടീസ് ജഴ്‌സിയും ഗബ്രിയേല്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ തന്ന ജഴ്‌സിയുമാണ് അണിഞ്ഞിരിക്കുന്നത്. ഇതോടെ അടുത്ത ഐപിഎല്‍ സീസണില്‍ സഞ്ജു ചാമ്പ്യന്മാരുടെ തട്ടകത്തിലേക്ക് പോകുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Content Highlights: Sanju Samson To Join RCB? Latest post sparks buzz amid RR star's potential franchise exit

dot image
To advertise here,contact us
dot image