
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സെഞ്ച്വറി തികച്ചിരുന്നു. ഇതോടെ ഒരുപിടി റെക്കോഡാണ് ഗിൽ തന്റെ പേരിൽ കുറിച്ചത്. ഈ വർഷത്തെ അഞ്ചാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് അദ്ദേഹം സ്വന്തമാക്കിയത്. ക്യാപ്റ്റൻ ആയതിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഒരു വർഷം ഏറ്റവും കൂടുതൽ സെഞ്ച്വറി കുറിക്കുന്ന ഇന്ത്യൻ ബാറ്റർമാരിൽ വിരാട് കോഹ്ലിക്കൊപ്പമെത്താൻ ഗില്ലിനായി.
ഈ വർഷം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ക്യാപ്റ്റൻസി ഏറ്റെടുത്ത ഗിൽ ഇതുവരെ 12 ഇന്നിങ്‌സിൽ നിന്നും അഞ്ച് ശതകങ്ങൾ പൂർത്തിയാക്കി. ഇംഗ്ലണ്ടിൽ നാല് സെഞ്ച്വറികളാണ് താരം സ്വന്തമാക്കിയത്.
2017ലുും 2018ലും വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായി അഞ്ച് സെഞ്ച്വറികൾ വീതം നേടിയിരുന്നു. 1997ൽ സെച്ചിൻ ടെണ്ടുൽക്കർ ക്യാപ്റ്റനായി നാല് ശതകങ്ങൾ തികച്ചിരുന്നു. 2016ലും വിരാട് നാല് ശതകങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അതുപോലെ ഒരു കലണ്ടർ വർഷം ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന താരമാകാനും ഗില്ലിനായി.
16 ഫോറും രണ്ട് സിക്‌സറുമടക്കം 129 റൺസാണ് ഗിൽ അടിച്ചുക്കൂട്ടിയത്. ഇന്ത്യക്ക് വേണ്ടി യശസ്വി ജയ്‌സ്വാളും സെഞ്ച്വറി തികച്ചു. ജയ്‌സ്വാൾ 22 ബൗണ്ടറിയുടെ അകമ്പടിയോടെ 175 റൺസ് തികച്ചു. ഇരുവരുടെയും ഇന്നിങ്‌സിന്റെ ബലത്തിൽ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 518 റൺസ് നേടി.
ഒന്നാം ദിനം 318 റൺസായിരുന്നു ഇന്ത്യയുടെ സ്‌കോർ ബോർഡിലുണ്ടായിരുന്നത്. രണ്ടാം ദിനം തുടക്കത്തിൽ തന്നെ ജയ്‌സ്വാളിനെ റണ്ണൗട്ടിലൂടെ ഇന്ത്യക്ക് നഷ്ടമായെങ്കിലും നിതീഷ് കുമാർ റെഡ്ഡിയെയും ( 43), ധ്രുവ് ജൂറെലിനെയും (44) കൂട്ടുപിടിച്ച് ഗിൽ സ്‌കോർ ഉയർത്തുകയായിരുന്നു.
ഇന്നലെ സായ് സുദർശൻ (87), കെഎൽ രാഹുൽ (38) എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്്ടമായിരുന്നു. വെസ്റ്റ് ഇൻഡീസിനായി ജോമൽ വാരിക്കൻ മൂന്ന് വിക്കറ്റ് നേടി. ക്യാപ്റ്റൻ റോസ്റ്റൺ ചേസ് ഒരു വിക്കറ്റ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് നേടിയിട്ടുണ്ട്.
Content Highlights-Shubman Gill got into records with virat Kohli