ട്രോഫി എവിടെ? പാക് താരത്തിന്റെ വിവാഹത്തിനെത്തിയ നഖ്‌വിയെ വളഞ്ഞ് മാധ്യമങ്ങള്‍, മുങ്ങി നഖ്‌വി

കറാച്ചിയില്‍ നടന്ന പാകിസ്താന്‍ ക്രിക്കറ്റ് താരം അബ്രാര്‍ അഹമ്മദിന്റെ വിവാഹ സല്‍ക്കാരത്തിനെത്തിയതായിരുന്നു നഖ്‌വി.

ട്രോഫി എവിടെ? പാക് താരത്തിന്റെ വിവാഹത്തിനെത്തിയ നഖ്‌വിയെ വളഞ്ഞ് മാധ്യമങ്ങള്‍, മുങ്ങി നഖ്‌വി
dot image

പാക് ക്രിക്കറ്റ് താരത്തിന്റെ വിവാഹത്തിനെത്തിയ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റും പി സി ബി ചെയർമാനുമായ മൊഹ്‌സിന്‍ നഖ്‌വിയെ വളഞ്ഞ് മാധ്യമങ്ങള്‍. കറാച്ചിയില്‍ നടന്ന പാകിസ്താന്‍ ക്രിക്കറ്റ് താരം അബ്രാര്‍ അഹമ്മദിന്റെ വിവാഹ സല്‍ക്കാരത്തിനെത്തിയതായിരുന്നു നഖ്‌വി.

ഏഷ്യാ കപ്പ് ഫൈനലിനു ശേഷമുണ്ടായ വിവാദ സംഭവങ്ങളില്‍ പ്രതികരണം ആരാഞ്ഞാണ് മാധ്യമങ്ങള്‍ നഖ്‌വിയെ വളഞ്ഞത്. ഏഷ്യാ കപ്പ് ട്രോഫി എവിടെയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. എന്നാല്‍ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതിരുന്ന നഖ്‌വി പെട്ടെന്നു തന്നെ കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു.

അതേസമയം ഏഷ്യാ കപ്പ് ട്രോഫി നിലവില്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ പക്കലാണെന്നാണ് റിപ്പോര്‍ട്ട്. ട്രോഫി ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. . ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരിട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലെത്തി തന്നിൽ നിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്നാണ് നഖ്‌വിയുടെ ആവശ്യം.

ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെ കീഴടക്കി ഇന്ത്യ വിജയികളായ ശേഷമായിരുന്നു വിവാദ സംഭവങ്ങള്‍. ഇന്ത്യയെയും ഇന്ത്യന്‍ സൈന്യത്തെയും നിരന്തരം അപമാനിച്ച നഖ്‌വിയിൽ നിന്ന് ടീം ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നേരത്തേ തന്നെ എസിസിയെ അറിയിച്ചിരുന്നു. ഇതോടെ, കപ്പും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു.

കപ്പില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീം പ്രതീകാത്മകമായി വിജയാഘോഷം നടത്തുകയും ചെയ്തു.

ഇന്ത്യ പാക് ടീമുകളും തമ്മിൽ ഗ്രൗണ്ടിന് പുറത്തും ഉള്ളിലും വലിയ വിവാദങ്ങളുണ്ടായിരുന്നു. ഇന്ത്യൻ താരങ്ങൾ ഹസ്തദാനം നൽകാൻ വിസമ്മതിച്ചതും പാക് താരങ്ങളുടെ ഗ്രൗണ്ടിലെ ആഘോഷങ്ങളും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Content Highlights: Pakistan Minister Mobbed As Asia Cup Trophy Row Follows Him At A Wedding

dot image
To advertise here,contact us
dot image