ആശയും സജനയും തിളങ്ങി; സീനിയർ വനിതാ ടി20 യിൽ കരുത്തരായ വിദർഭയെ കീഴടക്കി കേരളം

ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ വിദർഭയ്ക്കെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം

ആശയും സജനയും തിളങ്ങി; സീനിയർ വനിതാ ടി20 യിൽ കരുത്തരായ വിദർഭയെ കീഴടക്കി കേരളം
dot image

ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ വിദർഭയ്ക്കെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം. ക്യാപ്റ്റൻ സജന സജീവിൻ്റെയും എസ് ആശയുടെയും ഉജ്ജ്വല ഇന്നിങ്സുകളാണ് കേരളത്തിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിദർഭ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒരു പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിദർഭയ്ക്ക് സ്കോർ 17ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ റിദ്ദിയും, മോനയും ചേർന്ന് 30 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും അടുത്തടുത്ത ഇടവേളകളിൽ മടങ്ങിയതോടെ ഒത്തു ചേർന്ന ബി എസ് ഫുൽമാലി,എൽ എം ഇനാംദാർ എന്നിവർ ചേർന്നുള്ള കൂട്ടുകെട്ടാണ് വിദർഭയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഫുൽമാലി 46 റൺസും ഇനാംദാർ 23 റൺസും നേടി. കേരളത്തിന് വേണ്ടി ഷാനി ടി, എസ് ആശ, സലോനി ഡങ്കോരെ എന്നീ താരങ്ങൾ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. എഴ് റൺസെടുക്കുന്നതിനിടെ ഷാനി, ദൃശ്യ, നജ്ല എന്നിവരുടെ വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. നാലാം വിക്കറ്റിൽ സജനയും ആശയും ചേർന്നുള്ള 100 റൺസിൻ്റെ കൂട്ടുകെട്ടാണ് കേരളത്തിന് വിജയമൊരുക്കിയത്. ആശ 52 പന്തുകളിൽ നിന്ന് ഏഴ് ഫോറും ഒരു സിക്സുമടക്കം 61 റൺസെടുത്തു. സജന 52 പന്തുകളിൽ നിന്ന് എട്ട് ഫോറും ഒരു സിക്സും അടക്കം 57 റൺസുമായി പുറത്താകാതെ നിന്നു. 19.5 ഓവറിൽ കേരളം ലക്ഷ്യത്തിലെത്തി. വിദർഭയ്ക്ക് വേണ്ടി കെ ആർ സൻസദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights:Asha and Sajana shine; Kerala defeats strong Vidarbha in Senior Women's T20

dot image
To advertise here,contact us
dot image