
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ ആരംഭിക്കും. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്‌സിനും 140 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. നാളെ ജയിച്ചാല്‍ സമ്പൂര്‍ണ ജയത്തോടെ പരമ്പര സ്വന്തമാക്കാം.
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ ടെസ്റ്റില്‍ അനായാസ ജയം നേടിയതോടെ ബെഞ്ചിലുള്ള ചില താരങ്ങൾക്ക് അവസരം നൽകാനുള്ള സാധ്യതയുണ്ട്.
ഓപ്പണിംഗില്‍ യശസ്വി ജയ്‌സ്വാള്‍-കെ എല്‍ രാഹുല്‍ സഖ്യം തന്നെ തുടരും. അഹമ്മദാബാദില്‍ രാഹുല്‍ സെഞ്ച്വറി നേടിയിരുന്നു. മൂന്നാം നമ്പറില്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ സായ് സുദര്‍ശന് പകരം മലയാളി താരം ദേവ്ദത്ത് പടിക്കലിന് രണ്ടാം ടെസ്റ്റില്‍ അവസരം നല്‍കിയേക്കുമെന്ന് സൂചനകളുണ്ട്. ഐ പി എല്ലിൽ തിളങ്ങിയ താരത്തിന് ഇംഗ്ലണ്ട് പരമ്പരയിലും അവസരം ലഭിച്ചെങ്കിലും തിളങ്ങാനായിരുന്നില്ല.
നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇറങ്ങുമ്പോള്‍ ആദ്യ ടെസ്റ്റിലെ സെഞ്ചുറി വീരനായ ധ്രുവ് ജുറെല്‍ ആകും അഞ്ചാം നമ്പറില്‍ ക്രീസിലെത്തുക. രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി ടീമിലെത്തുമ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി പേസ് ഓള്‍ റൗണ്ടറായി ടീമിലെ സ്ഥാനം നിലനിര്‍ത്തും കുല്‍ദീപ് യാദവായിരിക്കും ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.
പേസ് നിരയിലാണ് മറ്റൊരു മാറ്റം പ്രതീക്ഷിക്കുന്നത്. ആദ്യ ടെസ്റ്റില്‍ കളിച്ച ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയില്ലെന്ന് ഇന്ത്യയുടെ സഹപരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ വ്യക്തമാക്കിയിരുന്നു. അങ്ങനെ വന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലുള്ള പേസര്‍ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ച് പ്രസിദ്ധ് കൃഷ്ണയെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. ജസ്പ്രീത് ബുമ്ര ഏകദിന പരമ്പരക്കുള്ള ടീമിലില്ല.
വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍ / സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, ധ്രുവ് ജുറെല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ.
Content Highlights: devdutt Padikkal may get a chance; Second Test against Windies starts tomorrow