ഷൂ എറിയാന്‍ ശ്രമിച്ച സംഭവം: അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി; കോടതിയെ സംബന്ധിച്ച് അടഞ്ഞ അധ്യായം: ബി ആര്‍ ഗവായ്

കോടതിയെ സംബന്ധിച്ചിടത്തോളം അത് അടഞ്ഞ അധ്യായമാണെന്നും ഗവായ് വ്യക്തമാക്കി

ഷൂ എറിയാന്‍ ശ്രമിച്ച സംഭവം: അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി; കോടതിയെ സംബന്ധിച്ച് അടഞ്ഞ അധ്യായം: ബി ആര്‍ ഗവായ്
dot image

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ വച്ച് തനിക്കെതിരെ ഷൂ എറിയാന്‍ അഭിഭാഷകന്‍ ശ്രമിച്ച സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. അന്നത്തെ സംഭവത്തിൽ താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സഹ ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ സംബന്ധിച്ചിടത്തോളം അത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി നടപടികൾക്കിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

അതിനിടെ സംഭവം നടക്കുമ്പോൾ ഗവായ്‌ക്കൊപ്പം ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഉജ്ജ്വല്‍ ഭൂയാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസിനെതിരെ നടന്ന ആക്രമണം അംഗകരിക്കാന്‍ കഴിയുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആണ്. ഇത് തമാശയല്ലെന്നും ഉജ്ജ്വൽ ഭൂയാൻ പറഞ്ഞു. ഷൂ എറിയാന്‍ ശ്രമിച്ച ശേഷം ക്ഷമ ചോദിച്ചിട്ട് കാര്യമില്ല. ഇത് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ അപമാനിച്ച സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവായ്‌ക്കെതിരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോറിനെ സുപ്രീംകോടതി ബാര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. രാകേഷ് കിഷോറിന്റെ താല്‍കാലിക അംഗത്വം അസോസിയേഷന്‍ റാദ്ദാക്കി. ഏകണ്‌ഠേനയായിരുന്നു അഭിഭാഷക അസോസിയേഷന്റെ തീരുമാനം. രാകേഷ് കിഷോറിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ബെംഗളൂരു സിറ്റി വിധാൻ സൗധ പൊലീസാണ് കേസെടുത്തത്. ചീഫ് ജസ്റ്റിസിന്റെ ചുമതല തടസപ്പെടുത്താനായി ആക്രമണം നടത്തിയെന്നാണ് രാകേഷ് കിഷോറിനെതിരെ ചുമത്തിയ കുറ്റം. സീറോ എഫ്‌ഐആര്‍ ആയതിനാല്‍ കേസ് ഡല്‍ഹി പൊലീസിസ് കൈമാറുമെന്നാണ് വിവരം. ചീഫ് ജസ്റ്റിസിനെ സമൂഹ മാധ്യമങ്ങള്‍ വഴി ജാതി അധിക്ഷേപം നടത്തിയതില്‍ പഞ്ചാബ് പൊലീസും കേസെടുത്തു. വിവിധ ജില്ലകളിലായി ലഭിച്ച പരാതികളില്‍ 100ലധികം പേര്‍ക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തില്‍ ക്രമസമാധാന ഭീഷണി സൃഷ്ടിക്കുന്നതിനും ദളിതര്‍ക്കെതിരായ അക്രമം തടയുന്ന നിയമവും അനുസരിച്ചാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമായിരുന്നു കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമമുണ്ടായത്. അഭിഭാഷകന്‍ രാകേഷ് കിഷോറായിരുന്നു ഇതിന് മുതിര്‍ന്നത്. ജഡ്ജിമാരുടെ ഡയസിനടുത്തെത്തി രാകേഷ് കിഷോര്‍ ഷൂ ഊരി ചീഫ് ജസ്റ്റിസിനെ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ട് അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. 'സനാതന ധര്‍മ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല' എന്ന് വിളിച്ചുപറഞ്ഞാണ് രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിച്ചത്. എന്നാല്‍ അഭിഭാഷകനെതിരെ കേസെടുക്കേണ്ട എന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്. സംഭവത്തില്‍ രാകേഷ് കിഷോറിനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാകേഷ് കിഷോറിന്റെ പ്രവര്‍ത്തി കടുത്ത അച്ചടക്ക ലംഘനമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പിട്ട ബിസിഐ ചെയര്‍മാന്‍ മനാന്‍ കുമാര്‍ മിശ്ര അഭിപ്രായപ്പെട്ടിരുന്നു. സുപ്രീംകോടതി ബാര്‍ അസോസിയേഷനും സുപ്രീംകോടതി അഡ്വക്കേറ്റസ്-ഓണ്‍-റെക്കോര്‍ഡ് അസോസിയേഷനും സംഭവത്തെ അപലപിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെ അപലപിച്ചിരുന്നു. ബി ആര്‍ ഗവായിയുമായി താന്‍ സംസാരിച്ചെന്നും രാജ്യത്ത് ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ക്ക് സ്ഥാനമില്ലെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ അന്തസിനും ഭരണഘടനയുടെ ആത്മാവിനും നേരെയുളള ആക്രമണമാണെന്നായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അത്തരം വിദ്വേഷങ്ങള്‍ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അപലപിക്കപ്പെടെണ്ടത് ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിനു നേരെയുളള ആക്രമണം നീതിന്യായ വ്യവസ്ഥയുടെയും നിയമവാഴ്ച്ചയുടെയും നേരെയുളള ആക്രമണമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പറഞ്ഞിരുന്നു. സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

നേരത്തേ ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ ഗവായ് നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരുന്നു. വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യം വിഷ്ണു ഭഗവാനോട് തന്നെ പറയൂവെന്നായിരുന്നു ഗവായിയുടെ പരാമര്‍ശം. വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശി രാകേഷ് ദലാല്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചായിരുന്നു ഗവായിയുടെ പ്രതികരണം. വിഗ്രഹം പുനപ്രതിഷ്ഠിക്കാത്തത് വിശ്വാസിയുടെ മൗലികാവകാശ ലംഘനമാണ് എന്ന വാദം ചീഫ് ജസ്റ്റിസ് അംഗീകരിച്ചിരുന്നില്ല. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചീഫ് ജസ്റ്റിസ് മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.

Content Highlight; CJI BR Gavai says he was shocked by the ‘shoe attack’ incident

dot image
To advertise here,contact us
dot image