
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് ഈ മാസം 16ന് തുടക്കമാവും. ബഹ്റൈനിലാണ് ആദ്യ പൊതു പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പിന്നാലെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. പ്രവാസികള്‍ക്കായി നിരവധി പ്രഖ്യാപനങ്ങളും മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നുണ്ട്.
നീണ്ട ഇടവേളക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുമിച്ച് സന്ദര്‍ശം നടത്തുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഈ മാസം 16ന് ബഹ്റൈന്‍ സന്ദര്‍ശനത്തോടെയാകും മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കം കുറിക്കുക. രാവില എത്തുന്ന മുഖ്യമന്ത്രിക്ക് വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കും. രാത്രി എട്ട് മണിക്കാണ് ബഹ്‌റൈനിലെ പൊതുപരിപാടി.
17 മുതല്‍ 19 വരെ മൂന്ന് ദിവസമാണ് സൗദി അറേബ്യയിലെ പര്യടനം. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സര്‍ക്കാര്‍ ആഗോള തലത്തില്‍ സജ്ജമാക്കിയിട്ടുള്ള മലയാളം മിഷന്റെ ആഭമുഖ്യത്തില്‍ നടക്കുന്ന മലയാളോത്സവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 17ന് ദമാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലുമാണ് പരിപാടികള്‍. 24, 25 തീയകളിലാണ് ഒമാനിലെ സന്ദര്‍ശനം. മസ്‌ക്കത്തിലെയും സലാലയിലെയും പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഈ മാസം 30-ാം തീയതി ഖത്തറിലും മുഖ്യമന്ത്രി എത്തും. അടുത്ത മാസം ഏഴിനാണ് മുഖ്യമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം.
നവംബര്‍ ഒമ്പതിന് യുഎഇ തലസ്ഥാനമായ അബുദാബിയില്‍ നടക്കുന്ന പരിപാടിയോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശത്തിന് സമാപനമാകും. പൊതു പരിപാടികള്‍ക്ക് പുറമെ വിവിധ പ്രവാസി സംഘടനകളുമായും ലോക കേരള സഭാ അംഗങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിക്ക് ആവശകരമായ സ്വീകരണം ഒരുക്കാനുളള തയ്യാറെടുപ്പിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. പരിപാടികളുടെ ഏകോപനത്തിനായി വിപുലമായ സംഘാടക സമിതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. പ്രവാസികള്‍ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷ.
Content Highlights: CM Pinarayi Vijayan's Gulf visit will begin on the 16th of this month