
ലോക എന്ന സിനിമയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ചിത്രം 300 കോടി കടന്ന് മുന്നേറുകയാണ്. സിനിമയിലെ കല്യാണിയുടെ ആക്ഷൻ സീനുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ അതീവ ഗ്ലാമറസ് ലുക്കിൽ കല്യാണി തകർത്തു നൃത്തമാടിയ ജീനിയിലെ ‘അബ്ദി അബ്ദി’ പാട്ടാണ് വൈറല്‍. ഗാനം പ്രേക്ഷകർ ഏറ്റെടുത്തെങ്കിലും കല്യാണിയെ അത്തരം ഒരു റോളിൽ പ്രതീക്ഷിച്ചില്ല എന്നാണ് സോഷ്യൽ മീഡിയയിലെ 'കെയറേട്ടന്മാര്‍' പറയുന്നത്.
'ശരീര പ്രദർശനം വേണ്ടായിരുന്നു മോളെ, നിന്നെ കണ്ടത് അനിയത്തിയെ പോലെ', ‘എന്തിനിത് ചെയ്തു’, ‘സായ് പല്ലവിയെ പോലെ കാരക്ടർ റോളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ, ദയവായി ഇത്തരം ഫാൻസി കാര്യങ്ങളിൽ വീഴരുത്’, തുടങ്ങി ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ കുമിഞ്ഞു കൂടുകയാണ്. ഐറ്റം ഡാൻസ് ഒന്നും കല്യാണിയെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്നും നിരവധി പേരാണ് കമ്മന്റ് ചെയ്തിരിക്കുന്നത്. എന്നാൽ 2025 ലും നായികമാരെ ഒബ്‌ജിറ്റിഫൈ ചെയ്യുന്ന ഇത്തരം പാട്ടുകൾ നിർത്താറായില്ലെയെന്നും ചിലർ ചോദിക്കുന്നുണ്ട്.
എന്നാൽ, ഹൃദയം മുതൽ ജീനി വരെയുള്ള കല്യാണിയുടെ സിനിമ തിരഞ്ഞെടുപ്പിൽ ആരാധകർ കയ്യടിക്കുന്നുണ്ട്. ഇതുവരെ പരീക്ഷിക്കാത്ത റോളുകളാണ് നടി ഓരോ സിനിമ കഴിയുമ്പോഴും തിരഞ്ഞെടുക്കുന്നത്. രവി മോഹൻ ചിത്രമായ ജീനിയാണ് അണിയറയിൽ ഒരുങ്ങുന്ന നടിയുടെ ചിത്രം. ഇപ്പോൾ ചർച്ചയിലുള്ള ഈ സിനിമയിലെ അറബിക് സ്റ്റൈലിൽ ഒരുക്കിയ ഗാനത്തിൽ കല്യാണിക്കൊപ്പം രവി മോഹനും കൃതി ഷെട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്.
എ ആർ റഹ്മാൻ ആണ് ഗാനത്തിന് ഈണം നൽകിയത്. മഷൂക്ക് റഹ്മാൻ വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് മെയ്‌സ്സ കര, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ്. ദേവയാനി, വാമിക ഗബ്ബി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നവാഗതനായ അർജുനൻ ജൂനിയർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡിൻ്റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് സിനിമ നിർമിക്കുന്നത്.
Content Highlights: Social media is not digesting Kalyani's new song