
കടുപ്പത്തിലൊരു കപ്പ് കാപ്പി, പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് കാപ്പിയിലാമണ്. അതിരാവിലെ ഉണര്‍ന്നെണീക്കുമ്പോള്‍ ശരീരത്തെ ചാര്‍ജാക്കാനും രാത്രികാലങ്ങളില്‍ ഉറങ്ങാതിരുന്ന് ജോലി ചെയ്യുകയോ, പഠിക്കുകയോ ചെയ്യുമ്പോള്‍ ഉന്മേഷം പ്രദാനം ചെയ്യാനും ഇതിനേക്കാള്‍ മികച്ച മറ്റേത് പാനീയമാണ് ഉള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യക്കാരുടെ ശീലമാണ് കാപ്പി. ഉന്മേഷത്തിനായി നിങ്ങള്‍ ആശ്രയിക്കുന്ന കാപ്പിയില്‍ പാറ്റയുടെ അവശിഷ്ടങ്ങളും കലര്‍ന്നിട്ടുണ്ടെന്ന് കേട്ടാല്‍ വിശ്വസിക്കുമോ? കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് കാപ്പിപ്പൊടിയില്‍ പാറ്റയെയും പൊടിച്ചുചേര്‍ത്തിട്ടുണ്ട് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സംഗതി സത്യമാണോ എന്നന്വേഷിച്ചവരെല്ലാം ഉത്തരം കേട്ട് ഞെട്ടി, കേട്ടത് സത്യമാണ് കാപ്പിയില്‍ പാറ്റയുണ്ട്!
പാറ്റ കാപ്പിപ്പൊടിയില്‍ എത്തുന്നതെങ്ങനെ?
കോഫി ലുവാക് എന്ന വിലയേറിയ കോഫിയെക്കുറിച്ച് കേട്ടിട്ടില്ലേ. ഈ കോഫിക്ക് വിലയേറുന്നതിനുള്ള കാരണം പ്രത്യേകയിനം കാപ്പിക്കുരു ആയതിനാലല്ല. മറിച്ച്, വെരുക് എന്ന ജീവിയെക്കൊണ്ട് കാപ്പിക്കുരു തീറ്റിച്ച് അതിന്റെ വിസര്‍ജ്യത്തില്‍ നിന്ന് വീണ്ടെടുക്കുന്ന കാപ്പിക്കുരു പൊടിച്ചാണ് കോഫി ലുവാക് ഉണ്ടാക്കുന്നത്. വെരുകിന്റെ ആമാശയത്തിലെ ദഹനപ്രക്രിയ കാപ്പിയുടെ മണവും രുചിയും ഗുണവും വര്‍ധിപ്പിക്കുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. അതുപോലെ രുചിക്കുവേണ്ടിയാണോ പാറ്റയെ പൊടിച്ചുചേര്‍ക്കുന്നത് എന്നുചോദിച്ചാല്‍ അല്ല.
കാപ്പിത്തോട്ടങ്ങളില്‍ പാറ്റ ഉള്‍പ്പെടെയുള്ള പ്രാണികള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുപോലെ കാപ്പിയുടെ മനംമയക്കുന്ന ഗന്ധം മനുഷ്യരെന്ന പോലെ പ്രാണികള്‍ക്കും വലിയ ഇഷ്ടമാണ്. വലിയ ഗോഡൗണുകളില്‍ കുന്നോളം കാപ്പിക്കുരു സൂക്ഷിക്കുന്ന ഇടത്ത് കാപ്പിയുടെ ഗന്ധത്തില്‍ ആകൃഷ്ടരായി പ്രാണികള്‍ എത്താനുള്ള സാഹചര്യമുണ്ട്. ഈര്‍പ്പമുള്ള സാഹചര്യങ്ങളും ഇതിന് പ്രാണികള്‍ക്ക് കാപ്പി സംഭരണശാലകളിലേക്കുള്ള വഴികാട്ടുന്നു. വലിയ അളവിലുള്ള കാപ്പിക്കുരു കാപ്പിപ്പൊടിയാക്കി മാറ്റുന്ന പ്രൊസസിലേക്ക് കടക്കുമ്പോള്‍ ഇവയില്‍ നിന്ന് ഈ പ്രാണികളെ പൂര്‍ണമായും കണ്ടെത്തി കളയുക എന്നുള്ളത് സാധ്യമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആധുനിക ശുദ്ധീകരണ ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ പോലും സീറോ ഇന്‍സെക്ട് എന്ന് ഉറപ്പിച്ചുപറയാനാകില്ലത്രേ. സ്വാഭാവികമായും ഇത്തരത്തില്‍ കണ്ണില്‍പ്പെടാതെ അവശേഷിക്കുന്ന പാറ്റകള്‍ കാപ്പിക്കുരുവിനൊപ്പം ക്രഷ് ചെയ്യപ്പെടുന്നു. ചുരുക്കത്തില്‍ അല്പം പാറ്റയുടെ അവശിഷ്ടങ്ങളെല്ലാമുള്ള കാപ്പിയാണ് നിങ്ങള്‍ നിത്യവും കുടിക്കുന്നത് എന്ന് അര്‍ഥം.
എഫ്ഡിഎയുടെ വരെ അംഗീകാരം
പക്ഷെ ഇത്തരത്തില്‍ പാറ്റ അല്ലെങ്കില്‍ പ്രാണികള്‍ കാപ്പിയില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ചെറിയ തോതിലുള്ള ഇന്‍സെക്ട് കണ്ടാമിനേഷന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുവാദം നല്‍കുന്നുണ്ട്. അതായത് ഒരു പത്തുശതമാനം വരെ പാറ്റയെ പൊടിച്ചുചേര്‍ത്താലും പ്രശ്‌നമില്ല. അത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല എന്നാണ് എഫ്ഡിഎ പറയുന്നത്.
ഈ ചര്‍ച്ച പുതിയതൊന്നുമല്ല
സത്യത്തില്‍ കാപ്പിയില്‍ പാറ്റയെയും പൊടിച്ചുചേര്‍ക്കുന്നുണ്ടെന്ന ചര്‍ച്ച തുടങ്ങുന്നത് സമീപകാലത്തൊന്നുമല്ല. അത് 1980കളിലാണ്. കാപ്പി കുടിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അലര്‍ജിയെ എന്തുകൊണ്ടാണ് എന്ന അന്വേഷണമാണ് കാപ്പിക്കുരുവിനൊപ്പം പാറ്റയും കാപ്പിപ്പൊടിയുടെ ഭാഗമാകുന്നുണ്ടെന്ന കണ്ടെത്തലിലേക്ക് എത്തിച്ചേര്‍ന്നത്. പിന്നീട് പലപ്പോഴായി കാപ്പി പ്രേമികള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരും ചര്‍ച്ച ചെയ്യും ആശങ്കകള്‍ പങ്കുവയ്ക്കും.
പാറ്റയില്ലാത്ത കാപ്പി ഇല്ലേ?
ഫ്രഷായ കാപ്പിക്കുരു ശേഖരിച്ച് സ്വയം പൊടിച്ചുണ്ടാക്കുന്ന കാപ്പിയാണെങ്കില്‍ ഇത്തരത്തില്‍ മാലിന്യം കലരുന്നത് ഒഴിവാക്കാം. മാത്രമല്ല കാപ്പിയുടെ രുചിയും മണവും വര്‍ധിക്കുകയും ചെയ്യും. അതുപോലെ മികച്ച ബ്രാന്‍ഡുകളെ ആശ്രയിക്കുക എന്നുള്ളതാണ് മറ്റൊരു വഴി. ഇതുകേട്ട് ഇനി കാപ്പി കുടിക്കുന്നത് നിങ്ങള്‍ നിര്‍ത്തുമോ? ഓര്‍മശക്തിക്കും ശ്രദ്ധയ്ക്കും ഉന്മേഷത്തിനും കാപ്പി നല്ലതാണെന്ന് വിദഗ്ധര്‍ വരെ അഭിപ്രായപ്പെട്ടിട്ടുള്ളവരാണ്. ഹൃദയാരോഗ്യത്തിന് മധുരം ചേര്‍ക്കാത്ത ഒരു കപ്പ് കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് ഡോക്ടര്‍മാര്‍വരെ അഭിപ്രായപ്പെടാറുണ്ട്.
Content Highlights: Does Your Morning Coffee Contain Crushed Cockroaches?