ഇജ്ജാതി 'മണ്ടത്തരം', ഇന്ത്യ ഇവനോട് നന്ദി പറയണം; ആവേശപ്പോരിന് ശേഷം ലങ്കൻ താരത്തിന് ട്രോൾ മഴ

സൂപ്പർ ഓവറിൽ വെറും രണ്ട് റൺസ് എടുക്കാൻ മാത്രമാണ് ലങ്കക്ക് സാധിച്ചത്

ഇജ്ജാതി 'മണ്ടത്തരം', ഇന്ത്യ ഇവനോട് നന്ദി പറയണം; ആവേശപ്പോരിന് ശേഷം ലങ്കൻ താരത്തിന് ട്രോൾ മഴ
dot image

ഇന്ത്യ-ശ്രീലങ്ക ആവേശപ്പോരിൽ ഇന്ത്യ വിജയം കൈവരിച്ചിരുന്നു. സൂപ്പർ ഓവർ വരെ നീണ്ടുനിന്ന മത്സരത്തിലാണ് ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം. സൂപ്പർ ഓവറിൽ വെറും രണ്ട് റൺസ് എടുക്കാൻ മാത്രമാണ് ലങ്കക്ക് സാധിച്ചത്. ഇത് ആദ്യ പന്തിൽ തന്നെ മറികടക്കാൻ ഇന്ത്യക്കായി. മത്സരത്തിൽ ഇന്ത്യ ജയിച്ചതിന് ശേഷം ഒരുപാട് ട്രോളുകളാണ് ശ്രീലകൻ ഓൾറൗണ്ടർ ദസുൻ ഷനകക്ക് ലഭിക്കുന്നത്.

മത്സരത്തിൽ ആറാമനായി ക്രീസിലെത്തിയ ഷനക 11 പന്തിൽ നിന്നും രണ്ട് ഫോറും ഒരു സിക്‌സറുമടക്കം 22 റൺസ് നേടിയിരുന്നു. സൂപ്പർ ഓവറിലും താരം ബാറ്റിങ്ങിനെത്തി. എന്നാൽ മൂന്ന് പന്ത് കളിച്ച് റൺസൊന്നും എടുക്കാതെ മടങ്ങി. സൂപ്പർ ഓവറിലെ താരത്തിന്റെ പ്രകടനത്തിന് ട്രോൾ ലഭിക്കുന്നുണ്ടെങ്കിലും അതിലുമേറെ ട്രോളുകൾ കിട്ടുന്നത് മത്സരത്തിലെ അവസാന പന്തിൽ കാണിച്ച മണ്ടത്തരത്തിനാണ്. മത്സരത്തിന്റെ അവസാന ഓവറിൽ ലങ്കക്ക് ജയിക്കാൻ 12 റൺസായിരുന്നു വേണ്ടിയിരുന്ന. ഓവറിലെ ആദ്യ പന്തിൽ സെഞ്ച്വറി നേടിയ പതും നിസങ്ക പുറത്തായി. എന്നാൽ ഷനക സ്‌കോർ കണ്ടെത്തിയതോടെ അവസാനപന്തിൽ വിജയലക്ഷ്യം മൂന്ന് റൺസായി കുറഞ്ഞു. അവസാന പന്തിൽ ഡീപ് മിഡ് വിക്കറ്റിനും ലോങ്ങ് ഓണിനുമിടയിൽ പന്ത് തട്ടിയ ഷനക ആദ്യ രണ്ട് റൺ വേഗത്തിൽ തന്നെ പൂർത്തിയാക്കി.

എന്നാൽ പന്ത് കയ്യിലെടുത്ത ഇന്ത്യൻ അക്‌സർ പട്ടേലിന് മിസ് ഫീൽഡ് സംഭവിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെ രണ്ടാം റൺ പൂർത്തിയാക്കിയ ഷനക സ്‌ട്രൈക്കർ എൻഡിൽ ഡൈവ് ചെയ്യുകയായിരുന്നു. നോൺ സ്‌ട്രൈക്കർ എൻഡിലുണ്ടായിരുന്ന ജനിത് ലിയാനഗെ മൂന്നാം റണ്ണിനായി വിളിക്കുന്നുണ്ടായിരുന്നുവെങ്കിലും ഡൈവ് ചെയ്ത ഷനകക്ക് മിസ് ഫീൽഡിനെ പറ്റി അറിയുന്നില്ല. ഇതിനെതിരെയാണ് താരത്തിന് ട്രോൾ ലഭിക്കുന്നത്. തീരെ ഗെയിം അവയർനസ് ഇല്ലാത്ത പ്രവർത്തിയാണ് അദ്ദേഹം നടത്തിയതെന്നും ഒരു റൺ തീർച്ചയായി ഓടാമെന്നും ആരാധകർ കുറിക്കുന്നു.

ശ്രീലങ്ക ജയിക്കേണ്ട കളി ഈ മണ്ടത്തരം കാരണമാണ് തോറ്റതെന്നും ആരാധകർ കുറിക്കുന്നു. ഇത് പോരാഞ്ഞിട്ട് സൂപ്പർ ഓവറിലും മൂന്ന് പന്ത് വെറുതെ കളഞ്ഞെന്ന് പറഞ്ഞ് ആരാധകർ വിമർശിച്ചു. ആ പന്തില്‍ മൂന്നാം റണ്ണിനായി ശ്രമിച്ചിരുന്നുവെങ്കില്‍ തീർച്ചയായും ശ്രീലങ്കക്ക് ഓടിയെത്താമായിരുന്നു.

ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. ലങ്കയ്ക്ക് വേണ്ടി സെഞ്ച്വറിയോടെ തിളങ്ങിയ പതും നിസങ്കയാണ് മത്സരം ആവേശക്കൊടുമുടിയിലെത്തിച്ചത്. ലങ്കയ്ക്ക് വേണ്ടി 58 പന്തിൽ 107 റൺസുമായി പതും നിസങ്ക വീരോചിതമായി പൊരുതിയപ്പോൾ മത്സരം ടൈയിൽ കലാശിച്ചു. ഏഴ് ബൗണ്ടറിയും ആറ് സിക്‌സറുമടക്കമായിരുന്നു നിസങ്കയുടെ ഇന്നിങ്‌സ്.

സെഞ്ച്വറിയുമായി നിസങ്ക ലങ്കൻ ഇന്നിങ്‌സ് നയിച്ചതോടെ വിജയം ലങ്കയ്‌ക്കൊപ്പമെന്ന് ഉറപ്പിച്ച നിമിഷമാണ് മത്സരത്തിന്റെ ഗതി മാറിയത്. അവസാന ഓവറിലെ ആദ്യ പന്തിൽ നിസങ്കയെ ഹർഷിത് റാണ കൂടാരം കയറ്റി. അവസാന ഓവറുകളിൽ ഇന്ത്യ താളം വീണ്ടെടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് തകർത്ത് പന്തെറിഞ്ഞതോടെ ലങ്കയ്ക്ക് നേടാനായത് രണ്ട് റൺസ് മാത്രം. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ആദ്യപന്തിൽ തന്നെ ലക്ഷ്യം മറികടന്ന് വിജയത്തിലെത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസെടുത്തു. ഓപ്പണർ അഭിഷേക് ശർമയുടെ അർധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. അഭിഷേകിന് പുറമേ സഞ്ജു സാംസണും തിലക് വർമയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 31 പന്തിൽ രണ്ട് സിക്‌സും എട്ട് ബൗണ്ടറികളുമടക്കം 61 റൺസെടുത്ത അഭിഷേകാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. അഞ്ചാമനായി ഇറങ്ങിയ സഞ്ജു 23 പന്തിൽ 39 റൺസെടുത്ത് പുറത്തായി. മൂന്ന് സിക്സും ഒരു ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഹാർദിക് പാണ്ഡ്യ രണ്ട് റൺസെടുത്ത് പുറത്തായി. തിലക് വർമ 49 റൺസെടുത്തും അക്ഷർ പട്ടേൽ 21 റൺസെടുത്തും പുറത്താവാതെ നിന്നു.

Content Highlights- Srilankan Batter Dasun Shanaka Getts trolled for Final Over Fumble

dot image
To advertise here,contact us
dot image