
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെയും അവാർഡ് ലോബികളെയും വിമർശിച്ച് സംവിധായകനും നടനുമായ രൂപേഷ് പീതാംബരൻ. ഭരിക്കുന്ന പാര്‍ട്ടിയിലെ ആളുകള്‍ നായകന്റെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നത് കൊണ്ട് ആ വർഷത്തെ എല്ലാ സ്റ്റേറ്റ് അവാർഡും സിനിമയ്ക്ക് കിട്ടിയെന്നും താൻ ഇതിന് സാക്ഷിയാണെന്നും രൂപേഷ് പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രൂപേഷിന്റെ പ്രതികരണം.
'കേരളത്തില്‍ കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഉണ്ടായൊരു സംഭവമുണ്ട്. ഞാനതിന് സാക്ഷിയാണ്. പറഞ്ഞാല്‍ ഏത് സിനിമയാണെന്ന് മനസിലാകും. എങ്കിലും പറയാം. ഭരിക്കുന്ന പാര്‍ട്ടിയിലെ ആളുകള്‍ നായകന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവനൊരു പടം ചെയ്തു. ഗംഭീര വിജയമായി. സുഹൃത്തായ രാഷ്ട്രീയക്കാരനോട് എന്താടോ നമുക്കൊന്നും അവാര്‍ഡില്ലേ എന്ന് ചോദിച്ചു. വിശ്വസിക്കാനാകില്ല.
ആ സിനിമയ്ക്ക് നടന്‍, സംവിധായകന്‍, സിനിമ, നടി എല്ലാ സ്‌റ്റേറ്റ് അവാര്‍ഡും കിട്ടി. അതിലെ ഒരു നിര്‍മാതാവ് നടനാണ്. ഈ സിനിമയ്ക്ക് കൊടുക്കാന്‍ പറ്റാത്തതിനാല്‍ വേറൊരു സിനിമയിലെ അഭിനയത്തിന് സ്റ്റേറ്റ് അവാര്‍ഡ് കൊടുത്തു. മൊത്തം അവാര്‍ഡും ആ ടീമിനായിരുന്നു. സിനിമയുടെ പേരും വര്‍ഷവും പറയില്ല. ലോബിയിങ് ആണ്. എന്റെ സിനിമകളൊന്നും അവാര്‍ഡിന് അയച്ചിട്ടില്ല. ഇനി ചെയ്യുന്ന സിനിമകളും അയക്കില്ല,' രൂപേഷ് പീതാംബരൻ പറഞ്ഞു.
രൂപേഷ് ആരോപിച്ച സിനിമ ദുൽഖർ സൽമാൻ നായകനായി എത്തിയ 'ചാർളി' ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മികച്ച നടൻ, സംവിധായകന്‍, സിനിമ, നടി, ഛായാഗ്രഹണം തുടങ്ങീ എട്ട് പുരസ്കാരങ്ങളായിരുന്നു സിനിമയ്ക്ക് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ലഭിച്ചിരുന്നത്. ചിത്രത്തിന്റെ സഹ നിർമ്മാതാക്കളിൽ ഒരാളായിരുന്ന ജോജു ജോർജിന് ആ വർഷം തന്നെ, ലുക്ക ചുപ്പി, ഒരു സെക്കന്റ് ക്ലാസ് യാത്ര എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിരുന്നു.
Content Highlights: Rupesh Peethambaran criticizes Kerala Film Awards