
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ശ്രീലങ്കയ്ക്കെതിരെ ത്രില്ലർ വിജയം സ്വന്തമാക്കി ഇന്ത്യ. സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ലങ്ക വിറപ്പിച്ച് കീഴടങ്ങിയത്. ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. ലങ്കയ്ക്ക് വേണ്ടി സെഞ്ച്വറിയോടെ തിളങ്ങിയ പതും നിസങ്കയാണ് മത്സരം ആവേശക്കൊടുമുടിയിലെത്തിച്ചത്. ലങ്കയ്ക്ക് വേണ്ടി 58 പന്തിൽ 107 റൺസുമായി പതും നിസങ്ക വീരോചിതമായി പൊരുതിയപ്പോൾ മത്സരം ടൈയിൽ കലാശിച്ചു. ഏഴ് ബൗണ്ടറിയും ആറ് സിക്സറുമടക്കമായിരുന്നു നിസങ്കയുടെ ഇന്നിങ്സ്.
സെഞ്ച്വറിയുമായി നിസങ്ക ലങ്കൻ ഇന്നിങ്സ് നയിച്ചതോടെ വിജയം ലങ്കയ്ക്കൊപ്പമെന്ന് ഉറപ്പിച്ച നിമിഷമാണ് മത്സരത്തിന്റെ ഗതി മാറിയത്. അവസാന ഓവറിലെ ആദ്യ പന്തിൽ നിസങ്കയെ ഹർഷിത് റാണ കൂടാരം കയറ്റി. അവസാന ഓവറുകളിൽ ഇന്ത്യ താളം വീണ്ടെടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് തകർത്ത് പന്തെറിഞ്ഞതോടെ ലങ്കയ്ക്ക് നേടാനായത് രണ്ട് റൺസ് മാത്രം. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ആദ്യപന്തിൽ തന്നെ ലക്ഷ്യം മറികടന്ന് വിജയത്തിലെത്തി.
A Super fight and A Super Win!
— BCCI (@BCCI) September 26, 2025
Updates ▶️ https://t.co/xmvjWCaN8L#TeamIndia | #AsiaCup2025 | #Super4 | #INDvSL pic.twitter.com/J0VAgHsVUl
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസെടുത്തു. ഓപ്പണർ അഭിഷേക് ശർമയുടെ അർധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. അഭിഷേകിന് പുറമേ സഞ്ജു സാംസണും തിലക് വർമയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 31 പന്തിൽ രണ്ട് സിക്സും എട്ട് ബൗണ്ടറികളുമടക്കം 61 റൺസെടുത്ത അഭിഷേകാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അഞ്ചാമനായി ഇറങ്ങിയ സഞ്ജു 23 പന്തില്‍ 39 റണ്‍സെടുത്ത് പുറത്തായി. മൂന്ന് സിക്‌സും ഒരു ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഹാര്‍ദിക് പാണ്ഡ്യ രണ്ട് റണ്‍സെടുത്ത് പുറത്തായി. തിലക് വര്‍മ 49 റണ്‍സെടുത്തും അക്ഷര്‍ പട്ടേല്‍ 21 റണ്‍സെടുത്തും പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയെ ഞെട്ടിച്ചാണ് ലങ്ക തുടങ്ങിയത്. സ്കോർ ബോർഡിൽ ഏഴ് റൺസുള്ളപ്പോൾ ഓപ്പണർ കുശാൽ മെൻഡിസിനെ നഷ്ടമായ ലങ്കയ്ക്ക് വേണ്ടി നിസങ്കയും കുശാൽ പെരേരയും (32 പന്തിൽ 58) തകർത്തടിച്ചു. പതിമൂന്നാം ഓവറിൽ 134 റൺസിലെത്തിയാണ് ഇരുവരും പിരിഞ്ഞത്. പിന്നാലെയെത്തിയ ചരിത് അസലങ്ക (5), കമിന്ദു മെൻഡിസ് (3) എന്നിവർ പെട്ടെന്ന് മടങ്ങിയെങ്കിലും 11 പന്തിൽ 22 റൺസെടുത്ത ദസുൻ ഷനകയും നിസങ്കയും ചേർന്ന് മത്സരത്തിൽ ലങ്കയുടെ പ്രതീക്ഷ നിലനിർത്തി.
അവസാന രണ്ടോവറിൽ 23 റൺസാണ് ലങ്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 19-ാം ഓവറിൽ 11 റൺസ് അടിച്ചെടുത്തതോടെ അവസാന ഓവറിലെ ലക്ഷ്യം 12 റൺസായി മാറി. ഓവറിലെ ആദ്യ പന്തില്‍ നിസങ്ക പുറത്തായത് ലങ്കയെ പ്രതിരോധത്തിലാക്കി. എന്നാൽ ഷാനക സ്കോർ കണ്ടെത്തിയതോടെ അവസാനപന്തിൽ വിജയലക്ഷ്യം മൂന്ന് റൺസായി കുറഞ്ഞു. അവസാനപന്തിൽ ഡബിളോടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു.
Content Highlights:Asia Cup 2025: India defeat Sri Lanka with help of Super Over