
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ലീഗായ ബിബിഎല്ലിൽ ചേർന്ന് ഇന്ത്യൻ ഇതിഹാസ സ്പിന്നർ ആർ അശ്വിൻ. ബിബിഎല്ലിൽ പങ്കാളിയാകുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാകാനാണ് അശ്വിൻ ഒരുങ്ങുന്നത്. സിഡ്‌നി തണ്ടറുമായാണ് അശ്വിൻ കരാറിലൊപ്പിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും വിരമിച്ച അശ്വിൻ രണ്ട് വർഷത്തെ കരാറിലാണ് തണ്ടറിൽ കളിക്കുക.
ഇന്ത്യയിലെ എല്ലാ തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിച്ചാൽ മാത്രമാണ് ഇന്ത്യൻ കളിക്കാർക്ക് വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാൻ സാധിക്കു. നിലവിൽ അശ്വിന് മറ്റു നിയമക്കുരുക്കകൾ ഇല്ലാത്തതിനാൽ തന്നെ ഓസീസ് മണ്ണിൽ കളിക്കാം. അശ്വിന് മുമ്പ് മുൻ ഇന്ത്യൻ അണ്ടർ 19 താരം ഉൻമുക്ത് ചന്ദ് മെൽബൺ റെനഗേഡ്സിനായി കളിച്ചിട്ടുണ്ട്. എന്നാൽ താരം ഇന്ത്യയുടെ സീനിയർ ടീമിൽ കളിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരമായിരുന്നു അശ്വിൻ. ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ 537 വിക്കറ്റുകൾ സ്വന്തമാക്കാൻ അശ്വിന് സാധിച്ചു.
ഐപില്ലിൽ 5 ടീമുകൾക്കായി 221 മത്സരങ്ങൾ കളിച്ചു. 2010, 2011 വർഷങ്ങളിൽ തുടരെ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ അശ്വിൻ അംഗമായിരുന്നു. 187 വിക്കറ്റുകളാണ് ഐപിഎല്ലിൽ അശ്വിൻ വീഴ്ത്തിയത്.
വനിതാ താരങ്ങൾക്ക് ഈ നിയമകുരുക്ക് ഇല്ലാത്തത് കൊണ്ട് തന്നെ ഇന്ത്യൻ വനിതാ താരങ്ങളായ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ജമിമ റോഡ്രിഗസ് അടക്കമുള്ള താരങ്ങൾ നേരത്തെ വനിത ബിബിഎല്ലിൽ കളിച്ചിട്ടുണ്ട്.
Content Highlights- R Ashwin Signed for Sydney thunders in BBL