

ഏഷ്യാ കപ്പില്‍ കളിക്കുന്ന ഇന്ത്യൻ ടീമിന്‍റെ ബാറ്റിംഗ് നിരയിലെ ഏറ്റവും ദുർബലൻ മലയാളി താരം സ‍്ജു സാംസണെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. സഞ്ജുവിന് പകരം ഏഷ്യാ കപ്പ് ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നത് കെ എല്‍ രാഹുലാണെന്നും അക്തര്‍ പറഞ്ഞു.
സഞ്ജു ഇറങ്ങി മെല്ലെ കളിച്ചതുകൊണ്ടാണ് പാകിസ്താനെതിരായ മത്സരം അവസാന ഓവറിലേക്ക് നീണ്ടത്. അല്ലായിരുന്നെങ്കില്‍ മത്സരം ഇത്രയും നീളില്ലായിരുന്നു. അഭിഷേക് ശര്‍മ ക്രീസില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ മത്സരം അഞ്ചോവര്‍ മുമ്പെ തീരുമായിരുന്നുവെന്നും അക്തര്‍ പറഞ്ഞു.
ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് കളിയിലും ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണ് ഒമാനെതിരായ മൂന്നാം മത്സരത്തിൽ മൂന്നാം നമ്പറിലിറങ്ങി അര്‍ധ സെഞ്ച്വറി നേടുകയും ടീമിന്‍റെ ടോപ് സ്കോററും കളിയിലെ താരമാകുകയും ചെയ്തിരുന്നു. 45 പന്തില്‍ 56 റണ്‍സെടുത്ത സഞ്ജുവിന്‍റെ ഇന്നിംഗ്സിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
എന്നാല്‍ പാകിസ്താനെതിരെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ വീണ്ടും മധ്യനിരയിലേക്ക് ഇറങ്ങേണ്ടിവന്ന സഞ്ജു അഭിഷേക് ശര്‍മ പുറത്തായപ്പോൾ പതിമൂന്നാം ഓവറിലാണ് ക്രീസിലെത്തിയത്. 17 പന്ത് നേരിട്ട സഞ്ജു ഒരു ബൗണ്ടറി മാത്രം നേടി 13 റണ്‍സെടുത്തെങ്കിലും ഹാരിസ് റൗഫിന്‍റെ പന്തില്‍ പുറത്തായി. പിന്നീട് ഹാര്‍ദ്ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്നാണ് ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കിയത്.
Content Highlights: Shoaib Akhtar slams Sanju Samson’s selection in India’s Asia Cup 2025 squad