വെല്ലാലഗെയുടെ പിതാവിന്റെ മരണം; വാര്‍ത്ത കേട്ട് ഞെട്ടി മുഹമ്മദ് നബി, വീഡിയോ

വെല്ലാലഗെയെ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി ഒരോവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്സര്‍ പറത്തി 32 റണ്‍സ് നേടിയിരുന്നു

വെല്ലാലഗെയുടെ പിതാവിന്റെ മരണം; വാര്‍ത്ത കേട്ട് ഞെട്ടി മുഹമ്മദ് നബി, വീഡിയോ
dot image

ശ്രീലങ്കന്‍ സ്പിന്നര്‍ ദുനിത് വെല്ലാലഗെയുടെ പിതാവിന്റെ വിയോഗം ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ അഫ്ഗാന്‍-ശ്രീലങ്ക മത്സരത്തിനിടെയാണ് ദുനിത് വെല്ലാലഗെയുടെ പിതാവ് സുരംഗ വെല്ലാലഗെ മരിക്കുന്നത്. സ്വന്തം പിതാവ് മരിച്ച വിവരം അറിയാതെയാണ് അഫ്ഗാനെതിരായ നിര്‍ണായക മത്സരത്തില്‍ ലങ്കന്‍ ബോളര്‍ ദുനിത് വെല്ലാലഗെ പന്തെറിഞ്ഞത്.

ആദ്യം ബാറ്റുചെയ്ത അഫ്ഗാനെതിരെ നാലോവര്‍ എറിഞ്ഞ വെല്ലാവഗെ 49 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. വെല്ലാലഗെയെ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി ഒരോവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്സര്‍ അടക്കം 32 റണ്‍സ് നേടിയതും വാര്‍ത്തയായിരുന്നു. മത്സരത്തില്‍ ശ്രീലങ്ക ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയതിന് ശേഷമാണ് പരിശീലകന്‍ സനത് ജയസൂര്യയും ടീം മാനേജ്മെന്റും 22കാരനായ വെല്ലാലഗെയോട് സങ്കടകരമായ വാര്‍ത്ത പങ്കുവെച്ചത്.

ഇപ്പോഴിതാ വെല്ലാലഗെയുടെ പിതാവിന്റെ മരണവാര്‍ത്ത അറിഞ്ഞ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്. മത്സരം കഴിഞ്ഞതിന് ശേഷം സ്‌റ്റേഡിയം വിടുന്നതിനിടെയാണ് നബി വിവരമറിയുന്നത്. താന്‍ ഒരോവറില്‍ അഞ്ച് സിക്‌സര്‍ പറത്തിയ താരത്തിന് തന്റെ പിതാവിനെ അതേ മത്സരത്തില്‍ തന്നെ നഷ്ടമായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നബി കേട്ടത്.

'വെല്ലാലഗെയുടെ അച്ഛന്‍ മരിച്ചു' എന്നാണ് ഒരു മാധ്യമപ്രവര്‍ത്തകനാണ് നബിയോട് പറയുന്നത്. ഇതുകേട്ടതും നടക്കുന്നത് നിര്‍ത്തിയ നബി റിപ്പോര്‍ട്ടറോട് എങ്ങനെയെന്ന് ചോദിക്കുന്നുമുണ്ട്. 'മത്സരത്തിനിടെ ഹൃദയാഘാതം മൂലമാണ് മരണം' എന്നും റിപ്പോര്‍ട്ടര്‍ പറയുന്നു.

വെല്ലാലഗെയുടെ പിതാവിന്റെ വിയോഗത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ നബി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. 'പ്രിയപ്പെട്ട പിതാവിന്റെ വിയോഗത്തില്‍ ദുനിത് വെല്ലലാഗെയ്ക്കും കുടുംബത്തിനും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ശക്തരായിരിക്കുക സഹോദരാ,' അദ്ദേഹം എക്സില്‍ കുറിച്ചു.

Content Highlights: Mohammad Nabi Stunned On Being Told Father Of SL Star Dunith Wellalage Died During Match

dot image
To advertise here,contact us
dot image