
തൃശ്ശൂര്‍:കാട്ടുപന്നിയെ വേട്ടയാടി മാംസം വില്‍പന നടത്തി എന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെയാണ് വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരക്കോട് വടക്കന്‍ വീട്ടില്‍ 30 വയസ്സുള്ള മിഥുനാണ് ഇന്ന് രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. തഹസില്‍ദാര്‍ സ്ഥലത്തെത്തിയിട്ട് മൃതദേഹം ഇറക്കിയാല്‍ മതിയെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിഥുന്‍ ഉള്‍പ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച ജാമ്യത്തില്‍ ഇറങ്ങിയ മിഥുന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ മിഥുനെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മിഥുനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരക്കോട് സെന്ററില്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്നു മിഥുന്‍. വടക്കാഞ്ചേരി പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlight; Youth Released on Bail After Hunting Case Found Dead