'പ്രസ്മീറ്റില്‍ പാക് ക്യാപ്റ്റന് കൈകൊടുത്തത് ഇതേ സൂര്യകുമാർ തന്നെയല്ലേ'; ഹസ്തദാന വിവാദത്തില്‍ അഫ്രീദി

സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലാത്ത നടപടിയാണ് ഇന്ത്യ സ്വീകരിച്ചതെന്ന് അഫ്രീദി പറഞ്ഞു

'പ്രസ്മീറ്റില്‍ പാക് ക്യാപ്റ്റന് കൈകൊടുത്തത് ഇതേ സൂര്യകുമാർ തന്നെയല്ലേ'; ഹസ്തദാന വിവാദത്തില്‍ അഫ്രീദി
dot image

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍ പ്രതികരിച്ച് പാകിസ്താന്റെ മുന്‍ താരം ഷാഹിദ് അഫ്രീദി. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലാത്ത നടപടിയാണ് ഇന്ത്യ സ്വീകരിച്ചതെന്ന് അഫ്രീദി പറഞ്ഞു.

ടൂര്‍ണമെന്റിന് മുന്‍പ് നടന്ന ക്യാപ്റ്റന്മാരുടെ പ്രസ്മീറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പിസിബി മേധാവി മൊഹ്സിന്‍ നഖ്വിയുമായും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുമായും കൈകൊടുത്തിട്ടുണ്ടെന്ന് അവകാശപ്പെട്ട അഫ്രീദി പാകിസ്താനെതിരായ മത്സരത്തില്‍ സൂര്യയ്ക്ക് എന്തുകൊണ്ട് അത് ചെയ്യാന്‍ കഴിഞ്ഞില്ല എന്നും ചോദിച്ചു.

'ഏഷ്യാ കപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആ സമ്മര്‍ദ്ദം കണക്കിലെടുത്താല്‍ പാക് ടീമുമായി ഹസ്തദാനം ചെയ്യരുതെന്ന് കളിക്കാരോടും ബിസിസിഐയോടും ആവശ്യപ്പെട്ടതില്‍ അതിശയിക്കാനില്ല', അഫ്രീദി പറഞ്ഞു.

സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലാത്ത പ്രവൃത്തിയാണിത്. അവര്‍ വീണ്ടും ലോകത്തിന് മുന്നില്‍ നാണംകെടുകയാണ് ചെയ്യുന്നത്. പിസിബി ചെയര്‍മാന്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരെ കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് മുകളില്‍ നിന്നാണ് ഉത്തരവുകള്‍ ലഭിച്ചത്,' അദ്ദേഹം പറഞ്ഞു.

'ക്യാപ്റ്റന്മാരുടെ വാര്‍ത്താസമ്മേളനത്തില്‍ സല്‍മാന്‍ ആഗയ്ക്കും മൊഹ്സിന്‍ നഖ്വിക്കും കൈകൊടുത്തത് ഇതേ സൂര്യകുമാര്‍ യാദവ് തന്നെയാണ്. ഇപ്പോള്‍ കാണികള്‍ക്ക് മുന്നില്‍ സോഷ്യല്‍ മീഡിയയുടെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇന്ത്യന്‍ കളിക്കാര്‍ ഇപ്പോള്‍ ലോകത്തിന് മുന്നില്‍ നാണക്കേടായി മാറിയിരിക്കുന്നു', അഫ്രീദി കൂട്ടിച്ചേര്‍ത്തു.

Content Highlights: Shahid Afridi On No Handshake Row": Suryakumar Yadav Shook Hands In Captains' Press Conference"

dot image
To advertise here,contact us
dot image