'അമീബിക് മസ്‌തിഷ്‌ക ജ്വരം; ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യാൻ യൂത്ത് ബ്രിഗേഡ് രംഗത്തിറങ്ങും'; ഡിവൈഎഫ്ഐ

'സംസ്ഥാന വ്യാപകമായി ജലാശയങ്ങള്‍ ശുചീകരിക്കാനുംം ക്ലോറിനേറ്റ് ചെയ്യാനും ഡിവൈഎഫ്‌ഐ രംഗത്തിറങ്ങും'

'അമീബിക് മസ്‌തിഷ്‌ക ജ്വരം; ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യാൻ യൂത്ത് ബ്രിഗേഡ് രംഗത്തിറങ്ങും'; ഡിവൈഎഫ്ഐ
dot image

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവജനങ്ങള്‍ രംഗത്ത് ഇറങ്ങുമെന്ന് ഡിവൈഎഫ്‌ഐ. അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കുവാന്‍ ആരോഗ്യ വകുപ്പ് ജലാശയങ്ങള്‍ ശുചീകരിച്ച് ക്ലോറിനേറ്റ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിനോട് സഹകരിച്ച് സംസ്ഥാന വ്യാപകമായി ജലാശയങ്ങള്‍ ശുചീകരിക്കാനുംം ക്ലോറിനേറ്റ് ചെയ്യാനും ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

അതേസമയം തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. പതിനേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കുളത്തില്‍ കുളിച്ചതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് സംശയം. തുടര്‍ന്ന് ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂള്‍ ആരോഗ്യവകുപ്പ് പൂട്ടി. വെളളത്തിന്റെ സാമ്പിളുകളും ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിനേഴുപേരാണ് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണമാണ് സ്ഥിരീകരിച്ചത്. 66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രൈമറി അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് (പിഎഎം) എന്ന രോഗം നെയ്‌ഗ്ലേരിയ ഫൗളേരി മൂലമുണ്ടാകുന്ന അപൂര്‍വ തലച്ചോറ് അണുബാധയാണ്. 'മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ' എന്ന് വിളിക്കപ്പെടുന്ന നെഗ്ലേറിയ ഫൗളേറി തടാകങ്ങള്‍, നദികള്‍, മോശമായി പരിപാലിക്കപ്പെടുന്ന നീന്തല്‍ക്കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവിടങ്ങളിലെ അടിത്തട്ടിലെ ചെളിയിലാണ് കാണുന്നത്. ചെളി കലര്‍ന്ന മലിനമായ വെള്ളം മൂക്കില്‍ പ്രവേശിക്കുമ്പോഴാണ് ഈ രോഗബാധ സാധാരണ ഉണ്ടാവുന്നത്.
നന്നായി ക്ലോറിനേഷന്‍ നടത്തി ശുചീകരിച്ച ജലാശയങ്ങളില്‍ ഈ അമീബ വളരാനുള്ള സാധ്യത വിരളമാണ്.

Content Highlight; DYFI will take action to clean and chlorinate water bodies across the state

dot image
To advertise here,contact us
dot image