അമീബിക് മസ്തിഷ്‌കജ്വരം: അമീബ തലച്ചോറിലെത്തുന്നത് മൂക്കിലൂടെ മാത്രമല്ല; നിങ്ങളുടെ കിണര്‍ സുരക്ഷിതമോ?

അമീബിക് മസ്തിഷ്ത ജ്വരത്തിന്റെ അപകട വശങ്ങളെക്കുറിച്ചും രോഗത്തെ നേരിടാനുള്ള വഴികളെക്കുറിച്ചും ന്യൂറോ സര്‍ജന്‍ ഡോ. സരീഷ്‌കുമാര്‍ റിപ്പോര്‍ട്ടറിനോട്

അമീബിക് മസ്തിഷ്‌കജ്വരം: അമീബ തലച്ചോറിലെത്തുന്നത് മൂക്കിലൂടെ മാത്രമല്ല; നിങ്ങളുടെ കിണര്‍ സുരക്ഷിതമോ?
ഷെറിങ് പവിത്രൻ
1 min read|17 Sep 2025, 12:08 pm
dot image

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഒപ്പം രോഗബാധ ഉണ്ടാകുന്ന വഴികളും മാറി വരികയാണ്. കിണര്‍ വെള്ളത്തിലും അമീബയുടെ സാന്നിധ്യമുണ്ടെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. രോഗബാധ ഉണ്ടാകുന്നതിനെക്കുറിച്ചും ബാധിക്കുന്നതിനെക്കുറിച്ചും പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും പറയുകയാണ് ഡോ. സരീഷ്. റിപ്പോര്‍ട്ടുകളനുസരിച്ച് അമീബിക് മസ്തിഷ്‌കജ്വരം വരുന്നവരില്‍ 98 ശതമാനം ആളുകള്‍ മരണപ്പെടുകയാണ് ചെയ്യുന്നത്. നെഗ്ലീരിയ ഫൗളേറിയ, അക്കാന്തമീബ എന്നീ അമീബകളാണ് കൂടുതലായും രോഗം പരത്തുന്നത്. തലച്ചോറിനുള്ളിലേക്ക് അമീബ കയറുകയും തലച്ചോറിനെ നശിപ്പിക്കുന്ന രീതിയിലേക്ക് പോവകയും ചെയ്യുന്നതുകൊണ്ടാണ് കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത്.

മുന്‍പ് തോടുകളിലും കുളങ്ങളിലും കുളിക്കുന്നവര്‍ക്കാണ് രോഗബാധ ഉണ്ടായതെങ്കില്‍ ഇന്ന് കിണര്‍ വെള്ളത്തില്‍ കുളിക്കുന്നവരിലും രോഗം കണ്ടുവരുന്നു?

ആദ്യം വന്ന റിപ്പോര്‍ട്ടില്‍ മുങ്ങിക്കുളിക്കുന്നവര്‍ക്ക് രോഗബാധ വരാം എന്നതായിരുന്നു പറഞ്ഞിരുന്നത്. കാരണം വെള്ളത്തിലേക്ക് ചാടുമ്പോഴുംമറ്റും മൂക്കിലേക്ക് ശക്തിയായി വെളളം അടിച്ചുകയറി അണുക്കള്‍ മൂക്കിന്റെ കട്ടികുറഞ്ഞ മുകള്‍ ഭാഗത്തുകൂടി കയറി അതിന്റെ പാട തുരന്ന് തലച്ചോറില്‍ പ്രവേശിക്കുകയും തലച്ചോറിനെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. പക്ഷേ ഇന്ന് മുങ്ങിക്കുളിക്കാത്തവരിലും അണുബാധ കാണുണ്ട്. അതിനെക്കുറിച്ച് പഠനങ്ങള്‍ നടന്നുവരികയാണ്.

അന്തരീക്ഷത്തില്‍ കൂടി അമീബ വെള്ളത്തില്‍ കലരുകയും അപകടമുണ്ടാക്കുകയും ചെയ്യുമോ?

ഈ അമീബ വായുവിലൂടെയോ അന്തരീക്ഷത്തിലൂടെയോ രോഗം പരത്തുന്നില്ല. വെള്ളത്തിലൂടെ മാത്രമേ പകരുകയുള്ളൂ. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് അമീബ കൂടുതലായി കാണപ്പെടുന്നത് അതുകൊണ്ട് ആ വെള്ളം ഉപയോഗിക്കുന്നവര്‍ക്കാണ് രോഗം ഉണ്ടാകുന്നത്. ഇപ്പോള്‍ കിണറ് വെള്ളത്തില്‍ കുളിക്കുന്നവര്‍ക്കും വെളളം തലയില്‍ ഒഴിക്കുന്നവര്‍ക്കും എല്ലാം രോഗം ഉണ്ടാകുന്നതായി കണ്ടുവരുന്നു. ശരീരത്തിലേക്ക് പ്രവേശിക്കാന്‍ അമീബയ്ക്ക് പല വഴികള്‍ ഉണ്ടെന്നാണ് മനസിലാക്കേണ്ടത്. മൂക്കിലൂടെ തന്നെ കയറേണ്ടതില്ല എന്നാണ് ഇപ്പോളുളള സ്ഥിതി.

അമീബ ശരീരത്തില്‍ പ്രവേശിച്ച് എത്ര ദിവസത്തിനുളളില്‍ ലക്ഷണം കണ്ടുതുടങ്ങും

മൂക്കിലൂടെയാണ് ഇത് തലച്ചോറിലെത്തുന്നതെന്ന് പറഞ്ഞല്ലോ. ശക്തമായ പനി,തലവേദന, ബോധക്കുറവ്, അപസ്മാരം, സ്വാഭാവത്തിലെ വ്യത്യാസങ്ങള്‍ തുടങ്ങി അബോധാവസ്ഥ വരെ ഉണ്ടായേക്കാം. ഇങ്ങനെയുളള ലക്ഷണങ്ങള്‍ കണ്ടാല്‍ അത് മെനിഞ്‌ജോ എന്‍സഫലൈറ്റിസ് എന്ന രോഗമായി കണക്കാക്കണം.

എത്ര ദിവസത്തില്‍ രോഗലക്ഷണം കണ്ടുതുടങ്ങും

14 ദിവസം എന്നാണ് പറയുന്നതെങ്കിലും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത ഒരു പുതിയ കേസില്‍ മൂന്ന് മാസം മുന്‍പ് മുങ്ങിക്കുളിച്ച ഒരു ഹിസ്റ്ററിയാണ് രോഗി പറഞ്ഞിരുന്നത്.

രോഗം ബാധിച്ചവരെ ഏത് അവസ്ഥയിലാണ് രക്ഷിച്ചെടുക്കാന്‍ സാധിക്കുന്നത് ? എന്തൊക്കെ ചികിത്സകളാണ് നല്‍കുന്നത്.

രോഗം നിര്‍ണയിക്കാനുളള പരിശോധനകള്‍ എത്രയും വേഗം ചെയ്യുക. രോഗിക്ക് സി.റ്റി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ ഇവയൊക്കെ എടുത്ത് നോക്കും. സെറിബ്രോസ്‌പൈനല്‍ ഫ്‌ളൂയിഡ് കുത്തിയെടുത്ത് പരിശോധിക്കും. അമീബയുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയാല്‍ മരുന്നുകള്‍ നല്‍കിത്തുടങ്ങും. എന്നാല്‍ പോലും രോഗ ലക്ഷണങ്ങള്‍ കുറയാന്‍ സമയമെടുക്കും. തലച്ചോറിലേക്ക് മരുന്ന് എത്തുന്ന രീതിയിലുളള ഇഞ്ചക്ഷനാണ് നല്‍കുന്നത്. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തുക.

കുട്ടികളെയും ചെറുപ്പക്കാരെയും രോഗം കൂടുതലായി ബാധിക്കാന്‍ കാരണം എന്താണ്?

ജനിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ രോഗാണുക്കള്‍ക്കെതിരെ പോരാടാന്‍ ആന്റിബയോഡികളുണ്ട്. കുട്ടികളില്‍ ഈ ആന്റീബോഡികള്‍ ഉണ്ടാകാനുള്ള സമയം കുറവാണ്. പ്രായമെത്തുമ്പോള്‍ പല രോഗാണുക്കളോട് പ്രതികരിച്ച് ശരീരത്തില്‍ കുറേ ആന്റിബോഡികളുണ്ടാകും. അതുകൊണ്ടാണ് പ്രായമായവില്‍ രോഗബാധ കുറയുന്നത്.

ഇത് തലച്ചോറിനെ തിന്നുന്ന അമീബയാണോ ?

ചില അമീബകള്‍ രോഗങ്ങളുണ്ടാക്കുന്നവയാണ്.അത്തരത്തിലൊന്നാണ് അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാക്കുന്ന അമീബകളായ നെഗ്ലീറിയ ഫൗളേറിയയും അക്കാന്തമീബയും ഒക്കെ.ഇവ തലച്ചോറിനുള്ളില്‍ കയറി അവ തിന്നും എന്ന് തന്നെയാണ് പറയുന്നത്. ഈ അമീബകള്‍ രോഗം ഉണ്ടാക്കുന്ന ഇന്റന്‍സിറ്റി കൂടിയിട്ടുണ്ട്. അതാണ് കേരളത്തില്‍ ഇപ്പോള്‍ രോഗം വര്‍ധിക്കാന്‍ കാരണം. മലിനീകരണമാണ് രോഗം വ്യാപിക്കാന്‍ കാരണം. ബാക്ടീരിയയെ തിന്നാണ് അമീബ ജീവിക്കുന്നത്. ബാക്ടീരിയ കൂടുന്നതും മലിനീകരണം വര്‍ധിക്കുന്നതുമാണ് അമീബകളുടെ സാന്നിധ്യം വെള്ളത്തില്‍ കൂടുന്നതിന് ഒരു കാരണം. രോഗം തിരിച്ചറിയാനുള്ള ടെസ്റ്റുകള്‍ ഉളളതുകൊണ്ട് രോഗവ്യാപനം പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്നുണ്ട്.

Also Read:

അമീബിക് മസ്തിഷ്‌കജ്വരം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുമോ?
ഒരിക്കലും ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല .

രോഗം വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം?

കെട്ടിക്കിടക്കുന്ന വെളളത്തില്‍ കുളിക്കരുത്. നീന്തേണ്ട സാഹചര്യമുണ്ടെങ്കില്‍ തല പൊക്കിപിടിച്ച് നീന്തുക. വെള്ളത്തില്‍ മുങ്ങുമ്പോള്‍ മൂക്കില്‍ പ്ലഗ്ഗുകള്‍ ഉപയോഗിക്കുക. ആഴക്കൂടുതലുളള വെള്ളത്തിലേക്ക് ചാടുമ്പോഴാണ് ശക്തിയായി മൂക്കിലേക്ക് വെള്ളം അടിച്ച് കയറുന്നത്. കിണറുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ക്ലോറിനേഷന്‍ നിര്‍ബന്ധമായും നടത്തുകയും ചെയ്യുക. സ്വിമ്മിംഗ്പൂളുകളിലും ക്ലോറിനേഷന്‍ നിര്‍ബന്ധമായും നടത്തണം. 1 PPM ല്‍ കൂടുതല്‍ ക്ലോറിന്‍ ഉണ്ടാവണം. അതുപോലെ സ്വിമ്മിംഗ് പൂളുകളിലെ വെളളം ഇടയ്ക്കിടെ മാറ്റേണ്ടതും അത്യാവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ ക്ലോറിനേഷന്‍ മാത്രമാണ് രോഗം ഒഴിവാക്കാനുളള ഒരേയൊരു പോംവഴി.

Content Highlights :Amoebic encephalitis; Is the disease transmitted only through the nose? Is well water safe?

dot image
To advertise here,contact us
dot image