'പാകിസ്താന്‍റെ സ്വഭാവമാണിത്'; ഇന്ത്യന്‍ ക്യാപ്റ്റനെ അധിക്ഷേപിച്ച മുഹമ്മദ് യൂസഫിനെതിരെ മദന്‍ ലാല്‍

'ഇന്ത്യയെ കുറിച്ച് കൂടുതല്‍ മോശമായി സംസാരിക്കുന്തോറും യൂട്യൂബില്‍ അവര്‍ക്ക് കൂടുതല്‍ വ്യൂസ് ലഭിക്കും. അതാണ് അവരുടെ ലക്ഷ്യം'

'പാകിസ്താന്‍റെ സ്വഭാവമാണിത്'; ഇന്ത്യന്‍ ക്യാപ്റ്റനെ അധിക്ഷേപിച്ച മുഹമ്മദ് യൂസഫിനെതിരെ മദന്‍ ലാല്‍
dot image

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ ഹസ്തദാന വിവാദത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച മുന്‍ പാക് താരം മുഹമ്മദ് യൂസഫിനെതിരെ മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. ടെലിവിഷന്‍ ചര്‍ച്ചയില്‍ മുഹമ്മദ് യൂസഫ് സൂര്യയെ പന്നിയെന്ന് തുടര്‍ച്ചയായി വിളിച്ചത് വലിയ വിവാദമായിരുന്നു. അവതാരക വിലക്കിയിട്ടും സൂര്യകുമാറിനെതിരായ അധിക്ഷേപ വാക്കുകള് യൂസഫ് തുടരുകയാണ് ചെയ്തത്.

യൂസഫിന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് പാക് താരത്തിനെതിരെ ആഞ്ഞടിച്ച് മദന്‍ ലാല്‍ രംഗത്തെത്തിയത്. യൂസഫിന്റെ പരാമര്‍ശം മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നാണ് മദന്‍ ലാല്‍ പറയുന്നത്. ഇത്തരം പ്രസ്താവനകള്‍ അവരുടെ വിദ്യാഭ്യാസത്തെയും മാനസികാവസ്ഥയെയും തുറന്നുകാണിക്കുന്നതാണെന്നും മദന്‍ ലാല്‍ പറഞ്ഞു.

'പാകിസ്താന്റെ ചില മുന്‍ താരങ്ങള്‍ എങ്ങനെയാണ് സംസാരിക്കുന്നതെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ? വളരെ നിരാശരായ അവര്‍ ഇപ്പോള്‍ മറ്റ് ടീമുകളിലെ കളിക്കാരെ അധിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് അവരുടെ വിദ്യാഭ്യാസത്തെയും മാനസികാവസ്ഥയെയുമാണ് തുറന്നുകാണിക്കുന്നത്', മദന്‍ പറഞ്ഞു.

'നമ്മള്‍ അവര്‍ക്ക് വളരെയധികം പബ്ലിസിറ്റി നല്‍കുകയാണ്. അതുതന്നെയാണ് അവര്‍ ആഗ്രഹിക്കുന്നതും. ഇന്ത്യയെ കുറിച്ച് കൂടുതല്‍ മോശമായി സംസാരിക്കുന്തോറും യൂട്യൂബില്‍ അവര്‍ക്ക് കൂടുതല്‍ വ്യൂസ് ലഭിക്കും. അതാണ് അവരുടെ ലക്ഷ്യം', മദന്‍ ചൂണ്ടിക്കാട്ടി.

'പാകിസ്താന്റെ സ്വഭാവം ഇതാണ്. നിങ്ങള്‍ക്ക് എങ്ങനെയാണ് ഒരാളെ അധിക്ഷേപിക്കാന്‍ കഴിയുക? അധിക്ഷേപിക്കുക മാത്രമാണ് അവര്‍ക്ക് അറിയുന്നത്. മറ്റൊന്നും ചെയ്യാന്‍ അവര്‍ക്ക് അറിയില്ല. അതില്‍ കൂടുതല്‍ എനിക്ക് ഒന്നും പറയാനില്ല. അധിക്ഷേപിക്കുന്നത് വളരെ തെറ്റാണ്. അത് ഒരു മുന്‍ താരമാണ് ചെയ്യുന്നതെങ്കില്‍ തികഞ്ഞ വിഡ്ഢിത്തമാണ്', മദന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Madan Lal slams back at Mohammad Yousuf’s comment on Suryakumar Yadav

dot image
To advertise here,contact us
dot image