അവസാന അഞ്ച് പന്തിൽ അഞ്ചും സിക്‌സർ! കെസിഎല്ലിൽ കൃഷ്ണ ദേവന്റെ വെടിക്കെട്ട്

കെസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന് വേണ്ടി വെടിക്കെട്ട് പ്രകടനവുമായി കൃഷ്ണ ദേവൻ

അവസാന അഞ്ച് പന്തിൽ അഞ്ചും സിക്‌സർ! കെസിഎല്ലിൽ കൃഷ്ണ ദേവന്റെ വെടിക്കെട്ട്
dot image

കെസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന് വേണ്ടി വെടിക്കെട്ട് പ്രകടനവുമായി കൃഷ്ണ ദേവൻ. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരെ കാലിക്കറ്റ് 200 കടന്നത്. 11 പന്തിൽ നിന്നും 49 റൺസ് നേടിയ കൃഷ്ണ ദേവന്റെ ബാറ്റിങ് മികവിൽ 202 റൺസാണ് കാലിക്കറ്റ് സ്വന്തമാക്കിയത്. അവസാന ഓവറിൽ അഞ്ച് സിക്‌സറാണ് കൃഷ്ണ ദേവൻ അടിച്ചുക്കൂട്ടിയത്.

18ആം ഓവറിന്റെ അവസാനത്തോടെ കൃഷ്ണദേവൻ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ അഞ്ച് വിക്കറ്റിന് 150 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. ഇന്നിങ്‌സിൽ ബാക്കിയുള്ളത് 14 പന്തുകൾ മാത്രം. 19ആം ഓവർ മുതൽ നിറഞ്ഞാടിയ കൃഷ്ണദേവൻ ആ ഓവറിൽ രണ്ട് സിക്‌സും ഒരു ഫോറും നേടി.

ഷറഫുദ്ദീൻ എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്തിൽ തന്നെ അഖിൽ സ്‌കറിയ ഒരു സിംഗിൾ എടുത്ത് കൃഷ്ണദേവന് സ്‌ട്രൈക് കൈമാറി. തുടർന്ന് കണ്ടത് അവിശ്വസനീയമായൊരു വെടിക്കെട്ടാണ്. ഓവറിലെ ബാക്കിയുള്ള അഞ്ച് പന്തും സിക്‌സർ പറത്തിയതോടെ കാലിക്കറ്റിന്റെ സ്‌കോർ 202ലേക്ക്. വെറും 11 പന്തുകളിൽ ഒരു ഫോറും ഏഴ് സിക്‌സുമടക്കം 49 റൺസുമായി കൃഷ്ണദേവൻ പുറത്താകാതെ നിന്നു. 25 പന്തുകളിൽ നിന്ന് 32 റൺസുമായി അഖിൽ സ്‌കറിയ മികച്ച പിന്തുണയായി. കൊല്ലം സെയിലേഴ്‌സിന് വേണ്ടി എ ജി അമലും എം എസ് അഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണിങ്ങിൽ പുതിയൊരു പരീക്ഷണവുമായിട്ടായിരുന്നു കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് കൊല്ലത്തിനെതിരെ ഇറങ്ങിയത്. ആദ്യമായി എസ് മിഥുൻ ഓപ്പണറുടെ റോളിലെത്തി. എന്നാൽ ഒരു സിക്‌സർ മാത്രം നേടി മിഥുൻ മടങ്ങി. രോഹൻ കുന്നുമ്മലും അജിനാസും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 75 റൺസ് പിറന്നു. 46 റൺസെടുത്ത അജിനാസിന്റെ ബാറ്റിൽ നിന്നായിരുന്നു ഷോട്ടുകൾ കൂടുതലൊഴുകിയത്. വൈകാതെ 36 റൺസെടുത്ത രോഹൻ കുന്നുമ്മലും മടങ്ങി. തുടർന്നെത്തിയ സച്ചിൻ സുരേഷിനും കാര്യമായ സംഭാവനകൾ നല്കാനായില്ല. പതിവ് വേഗം കൈവരിക്കാനാകാതെ മുടന്തി നീങ്ങിയ കാലിക്കറ്റ് ഇന്നിങ്‌സ് കുതിച്ച് മുന്നേറിയത് അവസാന ഓവറുകളിലാണ്. അതിന് വഴിയൊരുക്കിയത് കൃഷ്ണദേവന്റെ തകർപ്പൻ ഇന്നിങ്‌സും.

Content Highlights- Krishna Devan fire power innings in KCL against Kollam

dot image
To advertise here,contact us
dot image