
കെസിഎലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരൈ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന് വിജയം. 14 റൺസിനാണ് കാലിക്കറ്റിന്റെ വിജയം. കാലിക്കറ്റ് ഉയർത്തിയ 203 റൺസ് പിന്തുടർന്ന കൊല്ലം 188ൽ എല്ലാവരും പുറത്തായി. അവസാന ഓവറിലെ അവസാന പന്ത് വരെ മത്സരം നീണ്ടിരുന്നു.
ജയത്തോടെ എട്ട് മത്സരത്തില്ർ നിന്നും അഞ്ച് വിജയവുമായി പോയിൻ്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താൻ കാലിക്കറ്റിനായി. എട്ട് മത്സരത്തില്‍ നാല് ജയവുമായി നാലാം സ്ഥാനത്താണ് കൊല്ലം.
കൊല്ലത്തിന് വേണ്ടി ഓപ്പണിങ് ബാറ്റർ അഭിഷേക് നായർ 50 പന്തിൽ നിന്നും മൂന്ന് ഫോറും മൂന്ന് സിക്‌സറുമടിച്ച് 74 റൺസ് സ്വന്തമാക്കി. ബാക്കിയാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. ക്യാപ്റ്റൻ സച്ചിൻ ബേബി 27 റൺസ് നേടി. കാലിക്കറ്റിനായി അഖിൽ സ്‌കറിയ, ഇബ്‌നുൽ അഫ്താഫ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ഓപ്പണിങ്ങിൽ പുതിയൊരു പരീക്ഷണവുമായിട്ടായിരുന്നു കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് കൊല്ലത്തിനെതിരെ ഇറങ്ങിയത്. ആദ്യമായി എസ് മിഥുൻ ഓപ്പണറുടെ റോളിലെത്തി. എന്നാൽ ഒരു സിക്‌സർ മാത്രം നേടി മിഥുൻ മടങ്ങി. രോഹൻ കുന്നുമ്മലും അജിനാസും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 75 റൺസ് പിറന്നു. 46 റൺസെടുത്ത അജിനാസിന്റെ ബാറ്റിൽ നിന്നായിരുന്നു ഷോട്ടുകൾ കൂടുതലൊഴുകിയത്. വൈകാതെ 36 റൺസെടുത്ത രോഹൻ കുന്നുമ്മലും മടങ്ങി. തുടർന്നെത്തിയ സച്ചിൻ സുരേഷിനും കാര്യമായ സംഭാവനകൾ നല്കാനായില്ല. പതിവ് വേഗം കൈവരിക്കാനാകാതെ മുടന്തി നീങ്ങിയ കാലിക്കറ്റ് ഇന്നിങ്‌സ് കുതിച്ച് മുന്നേറിയത് അവസാന ഓവറുകളിലാണ്. അതിന് വഴിയൊരുക്കിയത് കൃഷ്ണദേവന്റെ തകർപ്പൻ ഇന്നിങ്‌സും.
18ആം ഓവറിന്റെ അവസാനത്തോടെ കൃഷ്ണദേവൻ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ അഞ്ച് വിക്കറ്റിന് 150 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. ഇന്നിങ്‌സിൽ ബാക്കിയുള്ളത് 14 പന്തുകൾ മാത്രം. 19ആം ഓവർ മുതൽ നിറഞ്ഞാടിയ കൃഷ്ണദേവൻ ആ ഓവറിൽ രണ്ട് സിക്‌സും ഒരു ഫോറും നേടി.
ഷറഫുദ്ദീൻ എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്തിൽ തന്നെ അഖിൽ സ്‌കറിയ ഒരു സിംഗിൾ എടുത്ത് കൃഷ്ണദേവന് സ്‌ട്രൈക് കൈമാറി. തുടർന്ന് കണ്ടത് അവിശ്വസനീയമായൊരു വെടിക്കെട്ടാണ്. ഓവറിലെ ബാക്കിയുള്ള അഞ്ച് പന്തും സിക്‌സർ പറത്തിയതോടെ കാലിക്കറ്റിന്റെ സ്‌കോർ 202ലേക്ക്. വെറും 11 പന്തുകളിൽ ഒരു ഫോറും ഏഴ് സിക്‌സുമടക്കം 49 റൺസുമായി കൃഷ്ണദേവൻ പുറത്താകാതെ നിന്നു. 25 പന്തുകളിൽ നിന്ന് 32 റൺസുമായി അഖിൽ സ്‌കറിയ മികച്ച പിന്തുണയായി. കൊല്ലം സെയിലേഴ്‌സിന് വേണ്ടി എ ജി അമലും എം എസ് അഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights- Calicut Globstars win against aries kollam sailors