
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. പരമ്പരയുടെ വിധി നിര്‍ണയിക്കുന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ ആവേശവിജയം സ്വന്തമാക്കിയാണ് ഓസ്‌ട്രേലിയ പരമ്പര പിടിച്ചെടുത്തത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നിശ്ചിത 20 ഓവര്‍ അവസാനിക്കാന്‍ ഒരു പന്ത് ബാക്കിനില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ എത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഓസീസ് സ്വന്തമാക്കി.
ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. 36 പന്തില്‍ പുറത്താവാതെ 62 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചെടുത്തത്. എട്ട് ബൗണ്ടറിയും രണ്ട് സിക്‌സുമടങ്ങുന്നതായിരുന്നു മാക്‌സിയുടെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും അര്‍ധസെഞ്ച്വറി നേടി. ഓസീസ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ മാര്‍ഷ് 37 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ബൗണ്ടറിയും അടക്കം 54 റണ്‍സ് അടിച്ചെടുത്തു.
നേരത്തെ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് അടിച്ചെടുത്തത്. യുവതാരം ഡെവാള്‍ഡ് ബ്രെവിഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് പ്രോട്ടീസ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 26 പന്തില്‍ ആറ് സിക്സും ഒരു ബൗണ്ടറിയും സഹിതം 53 റണ്‍സാണ് ബ്രെവിസ് അടിച്ചെടുത്തത്. നേരത്തെ രണ്ടാം ടി20യില്‍ കിടിലന്‍ സെഞ്ച്വറിയുമായി ബ്രെവിസ് ദക്ഷിണാഫ്രിക്കന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
Content Highlights: AUS vs SA, 3rd T20: Glenn Maxwell helps Australia beat South Africa by 2 wickets and win series 2-1