ആ റണ്‍ വേണ്ട! കരുണ്‍ നായർക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ

ഓവല്‍ ടെസ്റ്റിന്‍റെ 57-ാം ഓവറിലാണ് ക്രിസ് വോക്സിന് പരിക്കേറ്റത്

dot image

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ മത്സരത്തിന്റെ ആദ്യദിനം അവസാനിക്കുമ്പോള്‍ ഭേദപ്പെട്ട നിലയിലാണ് ഇന്ത്യ. ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തിട്ടുണ്ട്. കരുണ്‍ നായര്‍ ഒഴികെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കാര്‍ക്കും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തായനായില്ല. കരുണ്‍ 98 പന്തുകള്‍ നേരിട്ട് 52 റണ്‍സുമായി ക്രീസില്‍ തുടരുന്നു. 19 റണ്‍സോടെ വാഷിങ്ടണ്‍ സുന്ദറും ക്രീസിലുണ്ട്.

അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ കരുണിന്റെ മറ്റൊരു പ്രവൃത്തിയും ഇപ്പോള്‍ ആരാധകരുടെ മനസ് കീഴടക്കുകയാണ്. ഓവല്‍ ടെസ്റ്റിലെ ആദ്യദിനം ബാറ്റുചെയ്യുന്നതിനിടെ ഇംഗ്ലണ്ടിന്റെ പേസര്‍ ക്രിസ് വോക്‌സിന് പരിക്കേറ്റതിന് ശേഷമുള്ള കരുണിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ഓവല്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ അവസാനത്തെ സെഷനിലായിരുന്നു സംഭവം. ജാമി ഓവര്‍ട്ടണ്‍ എറിഞ്ഞ 57-ാം ഓവറിലാണ് വോക്‌സിന് പരിക്കേല്‍ക്കുന്നത്. കരുണിന്റെ ഷോട്ട് ബൗണ്ടറി പോകുന്നത് തടയാന്‍ ഡൈവ് ചെയ്യുന്നതിനിടെ വോക്‌സിന് തോളില്‍ പരിക്കേറ്റു. കടുത്ത വേദന കാരണം ബുദ്ധിമുട്ടിയ വോക്‌സിന് ബോള്‍ തിരികെ എറിഞ്ഞ് കൊടുക്കാനുമായില്ല.

ഇതിനിടെ കരുണും വാഷിങ്ടണ്‍ സുന്ദറും മൂന്ന് റണ്‍സ് ഓടിയെടുത്തിരുന്നു. നാലാമത്തെ റണ്‍സ് ഓടിയെടുക്കാന്‍ കരുണിന് അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍ വോക്‌സ് വേദനകൊണ്ട് ബുദ്ധിമുട്ടുന്നതുകണ്ട കരുണ്‍, സുന്ദറിനോട് നാലാമത്തെ റണ്‍ എടുക്കേണ്ടെന്ന് ആംഗ്യം കാണിക്കുകയായിരുന്നു.

ഹൃദയസ്പർശിയായ ഈ പ്രവൃത്തിയിലൂടെ ആരാധകരുടെ കൈയടി നേടുകയാണ് കരുണ്‍. ക്രിക്കറ്റിനെ 'ജെന്‍ഡില്‍മാന്‍സ് ഗെയിം' എന്ന് വിളിക്കുന്നതിന്റെ യഥാര്‍ത്ഥ ഉദാഹരണമാണ് കരുണ്‍ ചെയ്തതെന്നാണ് ആരാധകരുടെ വാദം. ക്രിക്കറ്റിന്റെ യഥാര്‍ത്ഥ സ്പിരിറ്റ് അറിഞ്ഞുകൊണ്ടാണ് കരുണ്‍ കളിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.

Content Highlights: ENG vs IND: Karun Nair's kind act for injured Chris Woakes wins internet praise

dot image
To advertise here,contact us
dot image