'ഞങ്ങള്‍ എന്തുചെയ്യണമെന്ന് നിങ്ങള്‍ പറഞ്ഞുതരേണ്ട!'; ഓവലില്‍ പിച്ച് ക്യുറേറ്ററോട് തർക്കിച്ച് ഗൗതം ഗംഭീര്‍

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

dot image

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനത്തേതും നിര്‍ണായകവുമായ മത്സരത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂലൈ 31നാണ് ടെസ്റ്റ് ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ 2-1ന് പരമ്പര കൈവിടാതെ നിലനിര്‍ത്തിയ ശുഭ്മന്‍ ഗില്ലിനും സംഘത്തിനും ഓവലില്‍ വിജയം സ്വന്തമാക്കിയാല്‍ 2-2ന് പരമ്പര സമനിലയില്‍ പിരിയാം.

അവസാന ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഓവല്‍ സ്‌റ്റേഡിയത്തിലെ പിച്ച് ക്യുറേറ്ററോട് കോച്ച് ഗംഭീര്‍ തര്‍ക്കിക്കുന്നതാണ് വീഡിയോ.

അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ജൂലൈ 28 തിങ്കളാഴ്ച തന്നെ ഇന്ത്യന്‍ ടീം ഓവലിലെത്തിയിരുന്നു. സ്‌റ്റേഡിയത്തിലെത്തിയതിന് പിന്നാലെ കോച്ച് ഗംഭീര്‍ ഗ്രൗണ്ട് സ്റ്റാഫുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഓവലിലെ പിച്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെയാണ് ചീഫ് ക്യുറേറ്ററായ ലീ ഫോര്‍ട്ടിസുമായി ഗംഭീര്‍ തര്‍ക്കിച്ചത്.

ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ പറഞ്ഞുതരേണ്ട ആവശ്യമില്ലെന്ന് ഗംഭീര്‍ ക്യുറേറ്ററോട് സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എവിടെ വേണമെങ്കിലും നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തോളൂ, നിങ്ങള്‍ വെറുമൊരു ഗ്രൗണ്ട് സ്റ്റാഫാണെന്നും ഗംഭീര്‍ പറയുന്നുണ്ട്. വളരെ ക്ഷുഭിതനായ ഗംഭീറിനെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കോച്ചും മറ്റുള്ളവരും ചേര്‍ന്ന് ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഗൗതം ഗംഭീറിന്റെ പ്രകോപനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Content Highlights: Gautam Gambhir Rips Into The Oval Curator Ahead Of India vs England 5th Test, Video goes Viral

dot image
To advertise here,contact us
dot image