കെസിഎൽ: അദാനി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ഗോവിന്ദ് ദേവ് പൈ

ബേസിൽ തമ്പി, അബ്ദുൾ ബാസിത്ത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങൾ

dot image

തിരുവന്തപുരം: കെസിഎൽ രണ്ടാം സീസണിലേക്കുള്ള അദാണി ട്രിവാൻഡ്രം റോയൽസ് ടീമിനെ തിരഞ്ഞെടുത്തു. പതിനാറ് അംഗ ടീമിനെ കൃഷ്ണപ്രസാദ് നയിക്കും. ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റൻ. ബേസിൽ തമ്പി, അബ്ദുൾ ബാസിത്ത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങൾ.

സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന നായകൻ കൃഷ്ണപ്രസാദ് വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറിയടക്കം കേരളത്തിനായി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പിൾസിന് വേണ്ടി ഏറ്റവും കൂടുതൽ തിളങ്ങിയ ബാറ്റ‍ർമാരിലൊരാൾ കൂടിയായിരുന്നു കൃഷ്ണപ്രസാദ്. സീസണിലാകെ 192 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. ഇതെല്ലാം പരിഗണിച്ചാണ് ടീം മാനേജ്മെൻ്റ് കൃഷ്ണപ്രസാദിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിയോഗിച്ചത്.

മികച്ച ബാറ്ററായ ഗോവിന്ദ് ദേവ് പൈ കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ്. കേരള ടീമിന്റെ ഒമാൻ ടൂറിൽ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ച്ച വെച്ചത്. കൂടാതെ കഴിഞ്ഞ സീസണിൽ കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിലും ഗോവിന്ദ് ഇടംപിടിച്ചിരുന്നു. 11 മത്സരങ്ങളിൽ പാഡണിഞ്ഞ താരം രണ്ട് അർധ സെഞ്ച്വറി ഉൾപ്പെടെ ടൂർണമെന്റിലാകെ 300 റൺസ് സ്വന്തമാക്കിയിരുന്നു.

മുൻ രഞ്ജി താരം എസ് മനോജാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ഫിലിം ഡയറക്ടർ പ്രിയദര്‍ശന്‍, ജോസ് തോമസ് പട്ടാറ എന്നിവരുടെ കൺസോർഷ്യത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ടീം. പുതുമുഖങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന ടീമിനെയാണ് ഇത്തവണ ഇറക്കുന്നതെന്ന് ടീം ഡയറക്ടർ റിയാസ് ആദം അറിയിച്ചു. ആഗസ്റ്റ് 21 മുതൽ സെപ്റ്റബർ 6 വരെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് ടൂർണമെന്റിലെ മത്സരങ്ങൾ നടക്കുക..

ടീം: കൃഷ്ണപ്രസാദ് (ക്യാപ്റ്റൻ), ഗോവിന്ദ് ദേവ് പൈ (വൈസ് ക്യാപ്റ്റൻ), സുബിൻ എസ്, വിനിൽ ടി എസ്, ബേസിൽ തമ്പി, അഭിജിത്ത് പ്രവീൺ, അബ്ദുൾ ബാസിത്ത്, ഫാനൂസ് ഫൈസ്, റിയ ബഷീർ, നിഖിൽ എം, സഞ്ജീവ് സതീശൻ, അജിത് വി, ആസിഫ് സലിം, അനുരാജ് ടി എസ്, അദ്വൈത് പ്രിൻസ്, ജെ അനന്തകൃഷ്ണൻ.

Content Highlights: KCL: Krishnaprasad appointed as captain of Adani Trivandrum Royals, with Govind Dev Pai as vice-captain

dot image
To advertise here,contact us
dot image