പരിക്ക് പണിയായി ഗയ്‌സ്! പന്തിന് വിശ്രമം; പകരക്കാരനായി യുവ വിക്കറ്റ് കീപ്പര്‍ ടീമിലെത്തുമെന്ന് റിപ്പോര്‍ട്ട്‌

ഇംഗ്ലണ്ട് ബൗളര്‍ ക്രിസ് വോക്സിന്റെ ബോള് കാലില്‍ കൊണ്ടാണ് താരത്തിന് പരിക്കേറ്റത്

dot image

ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. നിര്‍ണായകമായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യന്‍ ഇന്നിങ്‌സിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് പരിക്കേറ്റ് പുറത്തുപോയിരുന്നു. ഇപ്പോള്‍ പന്തിന്റെ പരിക്കിനെ കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കാല്‍ വിരലിന് പരിക്കേറ്റ റിഷഭ് പന്തിന് ആറ് ആഴ്ച വിശ്രമം അനുവദിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ആവശ്യമെങ്കില്‍ പെയിന്‍ കില്ലര്‍ കഴിച്ച ശേഷം പന്തിന് ബാറ്റ് ചെയ്യാന്‍ കഴിയുമോ എന്ന് മെഡിക്കല്‍ സംഘം പരിശോധിക്കുന്നുണ്ട്. എന്നാല്‍ അതിനുള്ള സാധ്യത കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

'സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ഒടിവുണ്ടെന്ന് കണ്ടെത്തി, ആറ് ആഴ്ചത്തേക്ക് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. പെയിന്‍ കില്ലര്‍ മരുന്ന് കഴിച്ച് വീണ്ടും ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമോ എന്ന് മെഡിക്കല്‍ സംഘം നോക്കുകയാണ്. നടക്കാന്‍ അദ്ദേഹത്തിന് ഇപ്പോഴും പിന്തുണ ആവശ്യമുണ്ട്. പന്ത് വീണ്ടും ബാറ്റ് ചെയ്യാനുള്ള സാധ്യത വളരെ മങ്ങിയതായി തോന്നുന്നു,' ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

റിഷഭ് പന്തിന് പകരക്കാരനായി യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ടീമിലേക്ക് ജോയിന്‍ ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ ഓവലില്‍ നടക്കുന്ന അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്റ്റില്‍ പന്തിന് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന സാഹചര്യത്തിലാണ് ഇഷാനെ ടീമിലെടുക്കാനുള്ള നീക്കം.

ഇംഗ്ലണ്ട് ബൗളര്‍ ക്രിസ് വോക്സിന്റെ ബോള് കാലില്‍ കൊണ്ടാണ് താരത്തിന് പരിക്കേറ്റത്. ഇംഗ്ലണ്ട് എല്‍ബിഡബ്ല്യുവിന് റിവ്യു നല്‍കിയെങ്കിലും നോട്ടൗട്ടായിരുന്നു. എന്നാല്‍ വേദന കൊണ്ട് പുളഞ്ഞ പന്ത് ഗ്രൌണ്ടില്‍ വീഴുകയും. റിട്ടയര്‍ഡ് ഹര്‍ട്ടായി ക്രീസ് വിടുകയും ചെയ്തു. വ്യക്തിഗത സ്‌കോര്‍ 37 ല്‍ നില്‍ക്കെയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ പന്ത് പരിക്കേറ്റ് പുറത്തുപോവുന്നത്.

Content Highlights: ENG vs IND: Rishabh Pant advised six weeks rest because of fractured toe, Reports

dot image
To advertise here,contact us
dot image