

കേരളത്തിൽ സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. മാർച്ചിലെ തുടക്കത്തിൽ ഉയർന്ന നിലയിൽ നിന്നിരുന്ന സ്വർണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി താഴേക്ക് നീങ്ങുകയാണ്. ആഭ്യന്തര വിപണിയിൽ ആവശ്യകത കുറയുന്നതും, നിക്ഷേപകരുടെ പ്രവണതയിൽ വന്ന മാറ്റവും വില ഇടിവിന് കാരണമായി വിലയിരുത്തപ്പെടുന്നു.
ഇന്നത്തെ നിരക്കുപ്രകാരം 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,175 ആയി കുറഞ്ഞപ്പോൾ പവന് 113400 രൂപയുമായി. ഒറ്റ ദിവസം കൊണ്ട് തന്നെ 255 രൂപയുടെ ഇടിവാണ് ഗ്രാമിന് രേഖപ്പെടുത്തിയത്. അതായത് പവന് കുറഞ്ഞത് 2040 രൂപയോളം. 18 കാരറ്റ്, 14 കാരറ്റ് സ്വർണങ്ങളിലും സമാനമായ ഇടിവ് തുടരുകയാണ്. 18 കാരറ്റിന് ഗ്രാമിന് 205 രൂപ കുറഞ്ഞതോടെ ഗ്രാം വില 11650 രൂപയിലേക്കും പവന്‍ വില 93200 രൂപയിലേക്കുമെത്തി. 14 കാരറ്റിന് ഗ്രാമിന് 9070 രൂപയും പവന് 72560 രൂപയുമാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിലെ സാഹചര്യങ്ങളും സ്വർണവില ഇടിവിന് പ്രധാന ഘടകമാണ്. അമേരിക്കൻ ഡോളറിന്റെ ശക്തിവർധനവും, യു.എസ് ട്രഷറി യീൽഡുകൾ ഉയരുന്നതും സ്വർണത്തിൽ നിന്നുള്ള നിക്ഷേപങ്ങൾ കുറയാൻ കാരണമായി. കൂടാതെ, അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നതിൽ വൈകാൻ സാധ്യതയുണ്ടെന്ന സൂചനകളും സ്വർണവിലയ്ക്ക് സമ്മർദ്ദമാകുന്നു. അതോടൊപ്പം തന്നെ, ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ കുറയുന്ന സൂചനകളും വിപണിയിൽ പ്രതിഫലിക്കുകയാണ്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, അടുത്ത ദിവസങ്ങളിലും സ്വർണവിലയിൽ ചെറിയ ചാഞ്ചാട്ടങ്ങൾ തുടരാൻ സാധ്യതയുണ്ട്. എന്നാൽ വിവാഹ-ഉത്സവ സീസൺ അടുത്തെത്തുന്നതിനാൽ ആവശ്യകത ഉയർന്നാൽ വീണ്ടും വില ഉയരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സ്വർണം വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇപ്പോഴത്തെ ഇടിവ് ഒരു അവസരമായി കാണാമെങ്കിലും, അന്താരാഷ്ട്ര വിപണി പ്രവണതകൾ ശ്രദ്ധിച്ചുകൊണ്ട് തീരുമാനമെടുക്കുന്നതാണ് ഉചിതമെന്നും വിദഗ്ധർ നിർദേശിക്കുന്നു..
സ്വർണവില മുന്നോട്ട് കയറുമോ?
ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണവില ദീർഘകാലാടിസ്ഥാനത്തിൽ മുന്നോട്ട് കയറാനുള്ള ശക്തമായ സാധ്യതകളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. യു.എസ്-ഇറാൻ സംഘർഷം തുടരുന്നതും ഭൗമരാഷ്ട്രീയ അസ്ഥിരതയും സ്വർണത്തെ സുരക്ഷിത നിക്ഷേപമാക്കി മാറ്റിയിരിക്കുകയാണ്. അടുത്ത കാലത്ത് വിലയിൽ ചെറിയ ഏറ്റിറക്കങ്ങൾ ഉണ്ടെങ്കിലും 2026 അവസാനത്തോടെ വില കൂടുതൽ ഉയരുമെന്നാണ് ഭൂരിപക്ഷ വിലയിരുത്തല്‍.
ജെ.പി. മോർഗൻ പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില ട്രോയ് ഔൺസിന് 6300 ഡോളർ വരെ (ഇന്ത്യയിൽ 10 ഗ്രാമിന് 1.8 ലക്ഷം മുതൽ 2 ലക്ഷം വരെ) വരെ വില എത്താമെന്നാണ് കണക്കാക്കുന്നത്. ഗോൾഡ്മാൻ സാക്സ് ഔൺസിന് 5400 ഡോളവർ വരെ (ഗ്രാമിന് 17000-ന് മുകളിൽ) വില പ്രതീക്ഷിക്കുന്നു. മറ്റ് ബാങ്കുകളും 5000 മുതൽ 6300 ഡോളർ വരെ ഔൺസിന് പ്രവചിക്കുന്നുണ്ട്. രൂപയുടെ മൂല്യം കുറയുകയും യുദ്ധസാഹചര്യം നീണ്ടുനിൽക്കുകയും ചെയ്താൽ, ഇന്ത്യൻ വിപണിയിൽ 10 ഗ്രാമിന് 1.7 ലക്ഷം മുതൽ 2 ലക്ഷം വരെ എത്താനുള്ള സാധ്യതയും വിദൂരമല്ല.
Content Highligts: Gold prices in Kerala have fallen to their lowest level of the month, creating a favorable opportunity for buyers. The drop in rates comes amid changing global market conditions and demand trends