
കേരള ക്രിക്കറ്റ് ലീഗ് അടുത്ത അഞ്ച് വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടൂർണമെന്റായി മാറുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യൻ താരം സഞ്ജു സാംസൺ. കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിന്റെ ഗ്രാൻഡ് ലോഞ്ച് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സഞ്ജു. ഇന്ത്യൻ ഡ്രെസ്സിങ് റൂമിൽ കേരള താരങ്ങളുടെ കഴിവിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണുള്ളതെന്നും സഞ്ജു പറയുന്നു.
'കേരളത്തിലെ താരങ്ങളുടെ കഴിവാണ് കെസിഎല്ലിന്റെ ഭാവി. ഇന്ത്യൻ ഡ്രെസ്സിങ് റൂമിൽ തന്നെ കേരളത്തിലെ താരങ്ങളുടെ കഴിവിനെക്കുറിച്ച് വലിയ മതിപ്പാണുള്ളത്. താരങ്ങളുടെ കഴിവ് പുറത്തെടുക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കെസിഎൽ എന്നൊരു വേദി ഒരുക്കിയിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിൽ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും മികച്ച ലീഗായി കെസിഎൽ മാറുമെന്നാണ് എന്റെ പ്രതീക്ഷ,' സഞ്ജു സാംസൺ വ്യക്തമാക്കി.
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സിനായാണ് കളത്തിലിറങ്ങുക. 26 ലക്ഷത്തി 80,000 രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. തൃശ്ശൂർ ടൈറ്റൻസും അദാനി ട്രിവാൻഡ്രം റോയൽസും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നു. ഇതിൽ തൃശ്ശൂരും കൊച്ചിയും തമ്മിൽ സഞ്ജുവിനായി ശക്തമായ മത്സരം നടന്നു. ഒടുവിൽ ഇന്ത്യൻ സൂപ്പർതാരത്തെ വിട്ടുകൊടുക്കാതെ കൊച്ചി സ്വന്തമാക്കുകയായിരുന്നു.
Content Highlights: Sanju Samson about Kerala Cricket League