
അടുത്ത മൂന്ന് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുകളും ഇംഗ്ലണ്ടിൽ തന്നെ നടത്താൻ ഐസിസി തീരുമാനം. 2027, 2029, 2031 വർഷങ്ങളിലാണ് അടുത്ത മൂന്ന് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ മത്സരങ്ങൾ നടക്കുക. സിംഗപ്പൂരിൽ നടക്കുന്ന ഐസിസിയുടെ വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. 2027ലെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് വേദിയാകാൻ ബിസിസിഐ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യം ഐസിസി യോഗത്തിൽ ചർച്ചയായില്ല.
'ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ 2027, 2029, 2031 വർഷങ്ങളിലെ ഫൈനലുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന് നൽകുന്നു. മുൻകാലങ്ങളിൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുകൾ വിജയകരമായി സംഘടിപ്പിച്ച ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ മികവ് പരിഗണിച്ചാണിത്,' ഐസിസി പ്രസ്താവനയിൽ പ്രതികരിച്ചു.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ആദ്യ മുന്ന് ഫൈനലുകൾക്കും ഇംഗ്ലണ്ടാണ് വേദിയായത്. 2021, 2023, 2025 വർഷങ്ങളിലാണ് ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ആദ്യ മൂന്ന് ഫൈനലുകൾ നടന്നത്. ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ആദ്യ പതിപ്പിലെ ഫൈനലിന് സതാംപ്ടണും രണ്ടാം പതിപ്പിലെ ഫൈനലിന് ഓവലും മൂന്നാം പതിപ്പിലെ ഫൈനലിന് ലോഡ്സും വേദിയായിരുന്നു.
Content Highlights: England and Wales Cricket Board to host WTC finals till 2031