'നാലാം ടെസ്റ്റിൽ ബുംമ്ര കളിക്കില്ലെങ്കിൽ അർഷ്ദീപ് പകരക്കാരനാകണം'; നിർദ്ദേശവുമായി അജിൻക്യ രഹാനെ

'എപ്പോഴും മുൻനിര ബൗളർമാരെ മാത്രം ആശ്രയിച്ച് മത്സരം മുന്നോട്ടുപോകരുത്'

dot image

ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പേസർ ജസ്പ്രീത് ബുംമ്ര കളിക്കുന്നില്ലെങ്കിൽ പകരക്കാരനെ നിർദ്ദേശിച്ച് മുൻ താരം അജിൻക്യ രഹാനെ. ബുംമ്ര കളിക്കുന്നില്ലെങ്കിൽ പകരമായി അർഷ്ദീപ് സിങ് ഇന്ത്യൻ ടീമിൽ കളിക്കണമെന്നാണ് രഹാനെയുടെ നിർദ്ദേശം. അർഷ്ദീപിന് പിച്ചിന്റെ രണ്ട് വശത്തേയ്ക്കും പന്ത് തിരിക്കാൻ കഴിയുമെന്നാണ് രഹാനെയുടെ വാക്കുകൾ.

'ബുംമ്ര നാലാം ടെസ്റ്റിൽ കളിക്കില്ലെന്നാണ് ഞാൻ കരുതുന്നത്. എങ്കിൽ പകരമായി അർഷ്ദീപ് സിങ്ങിനെ കളിപ്പിക്കണം. പ്രത്യേകിച്ച് ഇം​ഗ്ലണ്ടിൽ വിക്കറ്റിന്റെ രണ്ട് വശങ്ങളിലേക്കും പന്ത് തിരിക്കാൻ കഴിയുന്ന താരമാണ് അർഷ്ദീപ്. കൂടാതെ ഇടംകയ്യൻ പേസറാണ് അർഷ്ദീപ് എന്നതും ​ഇന്ത്യൻ ടീമിന് ​ഗുണം ചെയ്യും.' രഹാനെ തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

സ്പിൻ നിരയിൽ കുൽദീപ് യാദവിന് അവസരം നൽകണമെന്നും രഹാനെ നിർദ്ദേശിച്ചു. 'ഇം​ഗ്ലണ്ടിൽ സാഹചര്യങ്ങൾ വിലയിരുത്തിയാൽ കുൽദീപിന് ഇന്ത്യൻ ടീമിൽ അവസരം നൽകണമെന്ന് എനിക്ക് പറയാനുള്ളത്. ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലേതിന് സമാനമായ പിച്ചാണ് നാലാം ടെസ്റ്റിലെങ്കിൽ കുൽദീപിന് നിർണായക വിക്കറ്റുകൾ വീഴ്ത്താൻ കഴിയും. ഇന്ത്യയുടെ ബാറ്റർമാർ മികച്ച പ്രകടനമാണ് നടത്തുന്നത്. 25-30 റൺസ് കുറവാണ് നേടുന്നതെങ്കിൽ അതിനനുസരിച്ച് വിക്കറ്റുകൾ വീഴ്ത്താൻ കഴിയുന്ന ബൗളർമാർ ഉണ്ടാവണം. എപ്പോഴും മുൻനിര ബൗളർമാരെ മാത്രം ആശ്രയിച്ച് മത്സരം മുന്നോട്ടുപോകരുത്,' രഹാനെ വ്യക്തമാക്കി.

ഈ മാസം 23നാണ് ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരത്തിന് തുടക്കമാകുക. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ പിന്നിടുമ്പോൾ ഇന്ത്യ പരമ്പരയിൽ പിന്നിലാണ്. രണ്ട് മത്സരങ്ങൾ ഇംഗ്ലണ്ടും ഒന്നിൽ ഇന്ത്യയും വിജയിച്ചു. കടുത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടു. എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്ര വിജയം നേടാൻ സാധിച്ചത് മാത്രമാണ് ഇന്ത്യയുടെ ആശ്വാസം. പരമ്പര നഷ്ടം ഒഴിവാക്കാൻ അടുത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്.

Content Highlights: Ajinkya Rahane named Jasprit Bumrah's Replacement In 4th Test

dot image
To advertise here,contact us
dot image