ഓസീസ് ഇതിഹാസത്തിന്‍റെ 3 വലിയ റെക്കോർഡുകൾ പഴങ്കഥയാവുമോ!! ചരിത്രത്തിനരികെ ഗിൽ

പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ ഇതിനോടകം 585 റണ്‍സ് സ്കോര്‍ ചെയ്ത് കഴിഞ്ഞു

dot image

എഡ്ജ്ബാസ്റ്റണിലെ ചരിത്ര വിജയത്തോടെ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു തലമുറ മാറ്റത്തിന്റെ കാഹളം മുഴക്കിക്കഴിഞ്ഞു ശുഭ്മാൻ ഗിൽ. ക്യാപ്റ്റൻസി ക്യാപ്പിന്റെ സമ്മർദങ്ങളൊന്നുമില്ലാതെ മികച്ച രീതിയിൽ ബാറ്റ് വീശുന്ന താരം ഇതിനോടകം ഒരു ഡബിൾ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും കുറിച്ച് കഴിഞ്ഞു. എഡ്ജ്ബാസ്റ്റണിൽ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ഗില്ലിനെ തേടിയാണെത്തിയത്.

പരമ്പരയില്‍ മൂന്ന് മത്സരങ്ങൾ കൂടി അവശേഷിക്കേ നിരവധി റെക്കോർഡുകളാണ് ഗില്ലിനെ കാത്തിരിക്കുന്നത്. ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ മൂന്ന് റെക്കോർഡുകൾ പഴങ്കഥയാക്കാനുള്ള അവസരം ഗില്ലിന് മുന്നിലുണ്ട്. നോക്കാം ആ വലിയ റെക്കോര്‍ഡുകള്‍.

ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടുന്ന ക്യാപ്റ്റൻ

അഞ്ച് മത്സരങ്ങളടങ്ങിയ ഒരു പരമ്പരയിൽ 810 റൺസ് നേടി 88 വർഷങ്ങൾക്ക് മുമ്പ് ബ്രാഡ്മാൻ കുറിച്ച റെക്കോർഡ് തകർക്കാനുള്ള സുവർണാവസരമുണ്ട് ഗില്ലിന്. 1936-37 ആഷസ് പരമ്പരയിലാണ് ബ്രാഡ്മാൻ ഈ റെക്കോർഡ് കുറിച്ചത്. നിലവിൽ ഇംഗ്ലീഷ് സീരിസിൽ 585 റൺസ് സ്‌കോർ ചെയ്ത് കഴിഞ്ഞു ഗിൽ. അവശേഷിക്കുന്ന ആറ് ഇന്നിങ്‌സുകളിൽ നിന്ന് 225 റൺസ് കൂടി ചേർത്താൽ ബ്രാഡ്മാൻ കുറിച്ച ആ വലിയ റെക്കോർഡ് മറികടക്കാം.

ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ്

ടെസ്റ്റ് ചരിത്രത്തിൽ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡും ബ്രാഡ്മാന്റെ പേരിലാണ്. 1930 ആഷസ് പരമ്പരയിൽ ബ്രാഡ്മാന്റെ 974 റൺസിന്റെ റെക്കോർഡ് നാളിത് വരെ ആർക്കും തകർക്കാനായിട്ടില്ല. ഈ റെക്കോർഡ് പഴങ്കഥയാക്കാൻ ഗില്ലിന് വേണ്ടത് വെറും 390 റൺസ്

വേഗത്തിൽ 1000 റൺസ് തികക്കുന്ന ക്യാപ്റ്റൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികച്ച ക്യാപ്റ്റൻ എന്ന റെക്കോർഡും ബ്രാഡ്മാന്റെ പേരിലാണുള്ളത്. വെറും 11 ഇന്നിങ്‌സിൽ നിന്നാണ് ഓസീസ് ഇതിഹാസം ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. നാല് ഇന്നിങ്‌സിൽ നിന്ന് 585 റൺസ് റെക്കോർഡ് സ്വന്തം പേരിലുള്ള ഗില്ലിന് ഈ റെക്കോർഡ് മറികടക്കാൻ അത്ര പ്രയാസപ്പെടേണ്ടി വരില്ല.

ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ

വെസ്റ്റിൻഡീസ് താരം ക്ലെയ്ഡ് വാൽക്കോട്ടിന്റെ പേരിലാണ് ഈ റെക്കോർഡുള്ളത്. 1955 ൽ ഓസീസിനെതിരായ പരമ്പരയിൽ വാൽക്കോട്ട് കുറിച്ചത് അഞ്ച് സെഞ്ച്വറികളാണ്. ഈ ലിസ്റ്റിൽ ബ്രാഡ്മാൻ രണ്ടാമതാണ്. രണ്ട് സെഞ്ച്വറികൾ കൂടി കുറിച്ചാൽ ഗില്ലിന് വാൽക്കോട്ടിന്റെ റെക്കോർഡ് മറികടക്കാം.

Content Highlight: Will Gill surpass Bradman's 3 biggest records?

dot image
To advertise here,contact us
dot image